കോട്ടയം: ഏറ്റുമാനൂർ സീറ്റിനെ ചൊല്ലി ജോസഫ് വിഭാഗത്തിലും പൊട്ടിത്തെറി. ഏറ്റുമാനൂർ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നൽകാനാണ് യുഡിഎഫ് ധാരണ. എന്നാൽ ഇവിടെ ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിലിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കൾ കോട്ടയത്ത് വാർത്താ സമ്മേളനം നടത്തി. സമൂഹ്യ മാധ്യമങ്ങളിൽ പ്രിൻസ് ലൂക്കോസ് സ്ഥാനാർഥിയാകുമെന്ന് പ്രചരണം വന്നതോടെയാണ് സജിക്ക് സീറ്റ് നൽകണമെന്ന ആവശ്യവുമായി നേതാക്കൾ രംഗത്തെത്തിയത്.
അതേസമയം പ്രിൻസ് ലൂക്കോസിന്‍റെ പേര് നേതാകൾ പറഞ്ഞില്ല. ഏറ്റുമാനൂർ സീറ്റ് ജോസഫിന് നൽകിയതിൽ കോൺഗ്രസിൽ എതിർപ്പ് ശക്തമാണ്. അതിനിടയിലാണ് സീറ്റിന് വേണ്ടി ജോസഫ് വിഭാഗത്തിൽ തമ്മിലടി തുടങ്ങിയിരിക്കുന്നത്. ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റിയംഗം ജോൺ ജോസഫ്, യൂജിൻ വട്ടമല, പ്രജീഷ് പട്ടിത്താനം തുടങ്ങിയവരാണ് സജിയ്ക്ക് സ്ഥാനാർഥിത്വം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.