കോട്ടയം: കിഫ്ബി വഴി കെ എസ് ഇ ബിയിൽ നടപ്പാക്കുന്ന പദ്ധതിയിൽ അഴിമതിയാണെന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചീറ്റി പോയ അരോപണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പിലാക്കുന്ന വന്‍കിട ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നതായ ചെന്നിത്തലയുടെ ആരോപണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പ്രതിപക്ഷ നേതാവ് മലർ പൊടിക്കാരന്റെ സ്വപ്നവുമായി നടക്കേണ്ട.കിഫ്ബിയെ സംശയത്തിന്‍റെ നിഴലിലാക്കുന്നത് ഫണ്ട് ലഭിക്കുന്നത് തടയാനാണ്. ഇതൊന്നും കിഫ്ബിയെ ഏശില്ല. എല്ലാം പരിശോധിച്ചാണ് മുന്നോട്ട് പോകുന്നത്. ഞാനും സർക്കാരിന്റെ ഭക്ഷണം കഴിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അഴിമതി കാരണമല്ലാതെ സർക്കാർ ഭക്ഷണം കഴിച്ചയാളാണ് താൻ. അതുകൊണ്ട് ആ വിരട്ടൽ എന്നോട് വേണ്ട എന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതിക്കെതിരെയുള്ള നടപടിയിൽ വേവലാതി വേണ്ടെന്നും വേണ്ടാതീനം കാണിക്കുമ്പോൾ ഓർക്കണമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പാല രാമപുരത്ത് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.