കോട്ടയം: ചങ്ങനാശേരി നഗരസഭയിൽ, പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിന് രണ്ട് കൗണ്‍സിലര്‍മാരെ പുറത്താക്കി കോണ്‍ഗ്രസ്. ബാബു തോമസ്, രാജു ചാക്കോ എന്നിവരെയാണ് കോൺഗ്രസ്, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഔദ്യോഗിക പദവികളിൽ നിന്നും നീക്കം ചെയ്‌തത്.
ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വിപ്പ് ലംഘിച്ച പാർട്ടി അംഗങ്ങൾക്കെതിരെ, കൂറുമാറ്റ നിയമപ്രകാരമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും നാട്ടകം സുരേഷ് അറിയിച്ചു.
ചങ്ങനാശേരിയില്‍ യുഡിഎഫ് ഔട്ട്, എല്‍ഡിഎഫ് അവിശ്വാസം പാസായി: ചങ്ങനാശേരി നഗരസഭ അധ്യക്ഷ സന്ധ്യ മനോജിനും യുഡിഎഫ് ഭരണ സമിതിക്കുമെതിരെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 37 അംഗ കൗൺസിലിൽ 19 അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്‌തതോടെയാണ് യുഡിഎഫിന് തിരിച്ചടിയായത്. അവിശ്വാസ പ്രമേയത്തെ എതിര്‍ത്തിരുന്ന യുഡിഎഫ് അംഗങ്ങളും കൂടാതെ മൂന്ന് ബിജെപി അംഗങ്ങളും കൗണ്‍സിലില്‍ നിന്നും വിട്ടു നിന്നു. യുഡിഎഫ് നല്‍കിയ വിപ്പ് ലംഘിച്ച് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും 17ാം വാർഡ് മെമ്പറുമായ രാജു ചാക്കോ, 33ാം വാർഡ് മെമ്പറും കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നിവർ എൽഡിഎഫ് കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ചതോടെ അവിശ്വസ പ്രമേയം പാസാവുകയായിരുന്നു. ഇതോടെ യുഡിഎഫിന് ഭരണവും നഷ്‌ടമായി.
37 അംഗ കൗൺസിലിലെ 17 അംഗങ്ങളാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയിരുന്നത്. 37 അംഗ കൗൺസിലിൽ യുഡിഎഫിന് 4 സ്വതന്ത്രർ ഉൾപ്പെടെ 18 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. എൽഡിഎഫിന് 16 അംഗങ്ങളും ബിജെപിക്ക് മൂന്നംഗങ്ങളുമാണ് നിലവിൽ ഉണ്ടായിരുന്നത്. ഇതിൽ നിലവിൽ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന സ്വതന്ത്ര അംഗം ബീന ജോബി യുഡിഎഫിനുള്ള പിന്തുണ പിൻവലിച്ച് എൽഡിഎഫിന്‍റെ അവിശ്വാസ പ്രമേയ നോട്ടിസിൽ ഒപ്പിട്ടിരുന്നു.
READ MORE | ചങ്ങനാശ്ശേരിയില്‍ യുഡിഎഫ് ഔട്ട്, എല്‍ഡിഎഫ് അവിശ്വാസ പ്രമേയം പാസായി