കോട്ടയം: ചെയർമാനെ തെരഞ്ഞെടുത്ത തീരുമാനത്തെ സ്റ്റേ ചെയ്ത് കൊണ്ടുള്ള തൊടുപുഴ മുൻസിഫ് കോടതി വിധിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ജോസ് കെ മാണി പക്ഷം. ജോസ് കെ മാണിയെ ചെയർമാൻ ആക്കിയ സമാന്തര സംസ്ഥാന സമിതി തീരുമാനമാണ് തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്തത്. തൊടുപുഴ മുൻസിഫ് കോടതിയുടെ വിധി ഇടുക്കി ജില്ലാ കോടതിയിൽ നിന്നും കോട്ടയം ജില്ലാ കോടതിയിലെത്തേണ്ടതുണ്ട്. ശേഷം പാല മുൻസിഫ് കോടതിയിൽ നിന്നുമാണ് ജോസ് കെ മാണിക്ക് കോടതി വിധി ലഭിക്കേണ്ടത്. എന്നാൽ ഇതുവരെ കോടതി വിധി ലഭിച്ചിട്ടില്ലെന്നാണ് ജോസ് കെ മാണി പക്ഷം പറയുന്നത്.
കോടതി വിധി കൈപ്പറ്റിയ ശേഷം തൊടുപുഴ മുൻസിഫ് കോടതിയിൽ മറുപടി നൽകുമെന്നും ജോസ് കെ മാണി പക്ഷം വ്യക്തമാക്കി. നിയമാനുസൃതമായാണ് സംസ്ഥാന സമിതി വിളിച്ച് ചേർത്തതെന്ന വാദം കോടതിയെ ബോധ്യപ്പെടുത്താനാകുമെന്ന വിശ്വാസത്തിലാണ് ജോസ് കെ മാണി പക്ഷം. ഒഴിവ് വരുന്ന സ്ഥാനങ്ങളിലേക്ക് അഭിപ്രായ സമന്വയത്തിലൂടെ തീരുമാനത്തിലെത്തണമെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ് ജോസഫ് പക്ഷം. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത് ഭരണഘടന വിരുദ്ധമാണെന്ന ആരോപണവും ജോസഫ് പക്ഷം ആവർത്തിക്കുന്നു.