കോട്ടയം : കൊവിഡ് പ്രതിരോധ വാക്‌സിന്‍റെ രണ്ട് ഡോസ് എടുത്തവർ കരുതൽ ഡോസുകൂടി എടുക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി വിഎന്‍ വാസവനും ജസ്റ്റിസ് കെടി തോമസും. കൊവിഡ് രണ്ടാം തരംഗത്തിൽ മുന്നണിപ്പോരാളികളോടൊപ്പം നിന്ന് പ്രവർത്തിക്കേണ്ടിവന്നിട്ടും തനിക്ക് രോഗം ബാധിക്കാതിരുന്നത് വാക്‌സിനെടുത്തതിനാലാണെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. വാക്‌സിൻ ഫലപ്രദമാണെന്നും എല്ലാവരും കരുതൽ ഡോസ് സ്വീകരിക്കണമെന്നും കെ ടി തോമസും പറഞ്ഞു.
കോട്ടയം ജനറൽ ആശുപത്രിയിലെത്തി ജില്ലയിലെ ആദ്യ കരുതൽ ഡോസ് സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. രണ്ട് വാക്‌സിനെടുത്ത തനിക്കും മന്ത്രി വി.എൻ. വാസവനും കൊവിഡ് വന്നിട്ടില്ല. തങ്ങളെ സംബന്ധിച്ച് വാക്‌സിൻ ഫലപ്രദമാണ്. വാക്‌സിനെടുത്തവർക്ക് കോവിഡ് വന്നാൽ തന്നെ ചെറിയ പനിയോ ജലദോഷമോ മാത്രമേ വരുന്നുള്ളൂ. ഭാര്യയ്ക്ക് കൊവിഡ് വന്നിട്ടും തന്നെ ബാധിച്ചില്ല - ജസ്റ്റിസ് കെടി തോമസ് പറഞ്ഞു.
ALSO READ:കരുതല്‍ ഡോസ് വാക്‌സിനേഷന് സംസ്ഥാനത്ത് തുടക്കം
ആദ്യ രണ്ട് ഡോസുകളും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരുമിച്ചെത്തിയാണ് ഇരുവരും സ്വീകരിച്ചത്. ജില്ലയിൽ 2,56,950 ഡോസ് വാക്‌സിൻ സ്‌റ്റോക്കുള്ളതായി ആർ.സി.എച്ച്. ഓഫിസർ ഡോ. സി.ജെ. സിതാര പറഞ്ഞു. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, ഇതര രോഗങ്ങളുള്ള മുതിർന്നവർ (60 വയസിനുമുകളിൽ പ്രായമുള്ളവർ) എന്നിവർക്കാണ് കരുതൽ വാക്സിൻ നൽകുക.
ആദ്യ ദിനം ജില്ലയിൽ 29 കേന്ദ്രങ്ങളിലാണ് മൂന്നാം ഡോസ് വാക്സിൻ നൽകുന്നത്. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ഒമ്പതുമാസം (39 ആഴ്ച്ച) പിന്നിട്ട ഈ വിഭാഗങ്ങളിലുള്ളവരാണ് മൂന്നാം ഡോസിന് അർഹരാവുക. മുൻകരുതൽ ഡോസ് സ്വീകരിക്കുന്നതിന് ഡോക്ടറുടെ സർട്ടിഫിക്കറ്റോ മറ്റ് രേഖകളോ ഹാജരാക്കേണ്ടതില്ല.
കൂടാതെ കോവിഷീൽഡ് രണ്ടാംഡോസിന് അർഹരായവർക്കും ഒന്നാം ഡോസ് ഇതുവരെ സ്വീകരിക്കാത്തവർക്കും ഇതേ കേന്ദ്രങ്ങളിൽ വാക്സിൻ സ്വീകരിക്കാവുന്നതാണ്.