കോട്ടയം : ശനിയാഴ്‌ച ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ രാത്രിയും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ദുരന്തത്തില്‍ കാണാതായവരില്‍ 12 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. ഇതില്‍ ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ ഇന്നും മൂന്ന് പേരുടേത് ഇന്നലെയുമാണ് കണ്ടെത്തിയത്. രക്ഷാ പ്രവര്‍ത്തനം യുദ്ധകാല അടിസ്ഥാനത്തില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.
ഓട്ടോ ഡ്രൈവറായ ഷാലറ്റ്, കാവാലി ഒറ്റലാങ്കൽ മാർട്ടിന്‍ (47), മാർട്ടിന്‍റെ മകൾ സ്നേഹ (13), മുണ്ടകശേരിൽ വേണുവിന്‍റെ ഭാര്യ റോഷ്നി (48), പന്തലാട്ടിൽ മോഹനന്‍റെ ഭാര്യ സരസമ്മ മോഹൻ (47), ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയ (46), മകൻ അലൻ (14) എന്നിവരുടെ ചേതനയറ്റ ശരീരങ്ങളാണ് ഇന്ന് കണ്ടെത്തിയത്. അവസാനമായി പുറത്തെടുത്തയാളെ തിരിച്ചറിഞ്ഞിട്ടില്ല.
എന്നാല്‍ ദുരന്തത്തില്‍ 15 പേരെ കാണാതായെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. മൂന്ന് വീടുകൾ ഒലിച്ചുപോയതായാണ് വിവരം. കാണാതായവരിൽ ആറ് പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ദുരന്തത്തില്‍ 13 പേരെ കാണാതായതായി ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ രാവിലെ പ്രദേശവാസിയായ ഷാലറ്റിനെ തിരച്ചില്‍ സംഘം കണ്ടെത്തി. ഇതോടെയാണ് വിലയിരുത്തല്‍ തെറ്റിച്ച്, കൂടുതല്‍ പേര്‍ മണ്ണിനടിയിലുണ്ടെന്ന് വ്യക്തമായത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തു.
Read More: മഴ കുറഞ്ഞത് ആശ്വാസം, സ്ഥിതിഗതികൾ നിയന്ത്രണവിധേയം: റവന്യൂ മന്ത്രി കെ രാജൻ
ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും നാട്ടുകാരും ഉള്‍പ്പടെ നൂറുകണക്കിന് പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. മന്ത്രിമാരായ വി.എൻ. വാസവൻ, കെ രാജൻ, റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, ആന്‍റോ ആന്‍റണി എംപി എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.
Read More: സംസ്ഥാനത്ത് മഴ ശക്തമായി തുടരും; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരച്ചിലിനായി വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. 200 ഭക്ഷണ പൊതികളും സേന ഇവിടെ എയര്‍ലിഫ്റ്റ് ചെയ്‌തു. മല്ലപ്പള്ളി താലൂക്കിലെ പുറമറ്റം, പായങ്കര ഭാഗത്തെ രക്ഷാപ്രവര്‍ത്തനത്തിനായാണ് സേന എത്തുന്നത്. രണ്ട് എയര്‍ക്രാഫ്റ്റുകളാണ് നിലവില്‍ ലഭ്യമായിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം സഹായം നൽകുമെന്നും മന്ത്രി കെ.രാജൻ അറിയിച്ചു.
ദുരന്തം നടന്ന സ്ഥലത്തേക്ക് എത്താനുള്ള ഗതാഗത മാര്‍ഗങ്ങള്‍ താറുമാറായത് രക്ഷാപ്രവര്‍ത്തനത്തെ ആദ്യ ഘട്ടത്തില്‍ പ്രതികൂലമായി ബാധിച്ചിരുന്നു. താല്‍ക്കാലികമായി വഴിയൊരുക്കിയാണ് സേനാംഗങ്ങള്‍ സ്ഥലത്തെത്തിയത്. എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സ് ഉടനെത്തി ഗതാഗത തടസങ്ങൾ നീക്കുമെന്ന് മന്ത്രി അറിയിച്ചു.
Read More: ദുരന്തക്കയത്തിൽ കൂട്ടിക്കൽ ; ഉരുൾപൊട്ടലിൽ ഇല്ലാതായത് ഒരു കുടുംബമൊന്നാകെ
അതിനിടെ ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു. ഇത് രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നുണ്ട്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. എന്നാല്‍ മഴ മാറി നിന്നതോടെ വെള്ളം ഇറങ്ങിത്തുടങ്ങി. മീനച്ചിലാറില്‍ ജലനിരപ്പ് താഴുന്നത് ഭീതി കുറച്ചിട്ടുണ്ട്. ജില്ലയിലെ നദികളൊന്നും നിലവില്‍ അപകട നിലയിലല്ല ഒഴുകുന്നത്. ദുരിതാശ്വാസ ക്യാംപുകളിൽ ആവശ്യങ്ങൾ ഉടന്‍ പരിഹരിക്കുമെന്നും കൊവിഡ് രോഗികൾക്ക് പ്രത്യേക വിഭാഗം ക്രമീകരിക്കുമെന്നും മന്ത്രി കെ രാജന്‍ കൂട്ടിക്കലിൽ പറഞ്ഞു.
മാര്‍ട്ടിന്‍റെ കുടുംബത്തിലെ ആറ് പേരുടെയും മൃതദേഹം കണ്ടെത്തി
ഉരുള്‍പൊട്ടലില്‍ കാണാതായ കാവാലി ഒറ്റലാങ്കൽ മാർട്ടിന്‍റെ കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. മലവെള്ളപ്പാച്ചിലില്‍ ഒറ്റനിമിഷം കൊണ്ട് കുടുംബം മുഴുവന്‍ ഇല്ലാതാകുകയായിരുന്നു. ഉരുള്‍പൊട്ടുന്ന സമയത്ത് കുടുംബത്തിലെ എല്ലാവരും വീട്ടിലുണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. മാർട്ടിൻ (47), മാര്‍ട്ടിന്‍റെ മാതാവ് അന്നക്കുട്ടി (65), ഭാര്യ സിനി (35), മക്കളായ സ്നേഹ (13), സോന (10), സാന്ദ്ര (9) എന്നിവരുടെ മൃതദേഹം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.