കോട്ടയം: പള്ളിക്കത്തോട്ടില്‍ പത്തിലധികം തോക്കുകളും നിർമാണ സാമാഗ്രികളുമായി ബിജെപി പ്രാദേശിക നേതാവുൾപ്പെടെയുള്ള അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി. കോട്ടയം മുക്കലി സ്വദേശി കദളിമറ്റത്തിൽ കെ.എൻ വിജയനെയാണ് ചൊവാഴ്ച അർദ്ധരാത്രിയോടെ പൊലീസ് പിടിയികൂടിയത്. ഇയാളിൽ നിന്നും ഒരു റിവോൾവറും പൊലീസ് പിടിച്ചെടുത്തു. തുടർന്ന് ചോദ്യം ചെയ്യലിലാണ് കൂട്ടാളികളുടെ വിവരം പൊലീസിന് ലഭിച്ചത്. ഇയാളുടെ കൂട്ടാളികളായ കൊമ്പിലാക്കാല്‍ ബിനേഷ് കുമാര്‍, രതീഷ് ചന്ദ്രന്‍, ആനിക്കാട് രാജന്‍, ആനിക്കാട് തട്ടാംപറമ്പില്‍ മനേഷ് കുമാര്‍ എന്നിവരും പൊലീസ് പിടിയിലായിട്ടുണ്ട്.
ഇവരിൽ നിന്ന് പത്തിലധികം തോക്കുകൾ, റിവോൾവറുകൾ, തോക്ക് നിര്‍മിക്കാനാവശ്യമായ സാമഗ്രികൾ, തോക്കിന്‍റെ മോഡലുകള്‍, വ്യാജ വെടിയുണ്ടകള്‍ നിര്‍മിക്കുന്നതിനാവശ്യമായ സാമഗ്രികള്‍, അൻപതോളം ഇരുമ്പു വടികള്‍ എന്നിവ പിടിച്ചെടുത്തു. വീടുകളിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ആയുധ നിയമം, തോക്കു നിർമാണം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പിടിയിലായ കെ.എൻ വിജയൻ ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെന്നാണ് വിവരം. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികള കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുമ്പും ആയുധം കൈയ്യിൽ വച്ചതിന് അറസ്റ്റിലായിട്ടുള്ളവരാണ് പിടിയിലായവരെന്നാണ് പൊലീസ് നൽകുന്ന വിവരം.