കോട്ടയം: കോട്ടയം ജില്ലയില്‍ പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിലെ വിപണന നിരോധനം പിൻവലിച്ചു. ആർപ്പൂക്കരയിലും വൈക്കം തലയാഴത്തും ഡിസംബർ 13നാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. പക്ഷിപനി കണ്ടെത്തിയ സ്ഥലത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ മുട്ട, ഇറച്ചി വിൽപ്പന മൂന്ന് ദിവസത്തേക്കാണ് ജില്ല കലക്‌ടർ പികെ ജയശ്രീ നിരോധിച്ചത്.
ആർപ്പൂക്കരയിലെ താറാവ് ഫാമിലും തലയാഴത്തെ ബ്രോയ്‌ലർ കോഴി ഫാമിലും പക്ഷികൾ ചത്തൊടുങ്ങിയതിനെത്തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്കയച്ചത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യരൂറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന്, ഡിസംബർ 14 പക്ഷികളെ ദയാവധം ചെയ്‌ത് സംസ്‌കരിച്ചു.
രണ്ട് ഗ്രാമപഞ്ചായത്തുകളിലുമായി രോഗം കണ്ടെത്തിയ പ്രദേശത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെയാണ് മൃഗസംരക്ഷണവകുപ്പിന്‍റെ മേൽനോട്ടത്തിൽ ദയാവധം ചെയ്‌തത്. എല്ലാ പക്ഷികളെയും ബാധിക്കുന്ന തരത്തിലുള്ള എച്ച്5എൻ1 ഇനമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്‌തത്. ദേശാടനപക്ഷികൾ, കടൽപക്ഷികൾ എന്നിവയിലൂടെയാണ് ഇത് വ്യാപിക്കുന്നത്.