കോട്ടയം: സർക്കാർ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തി എൽ.ഡി.എഫ് ഘടകകക്ഷി ജനാധിപത്യ കേരള കോൺഗ്രസ് രംഗത്ത്. സംസ്ഥാന ഭൂപതിവ് നിയമവും ഭൂപരിഷ്കരണ നിയമവും നിലവിൽ വന്നതിന് ശേഷം സമീപ കാലത്ത് ഭൂമി സംബന്ധമായ പ്രശ്നങ്ങളിൽ സർക്കാർ എടുത്ത നിലപാടുകളിലാണ് കേരളാ കോൺഗ്രസ് അതൃപ്തി രേഖപ്പെടുത്തിയത്. സംസ്ഥാന സർക്കാർ ഭൂപരിഷ്കരണ നിയമത്തിൽ 87എ എന്ന പുതിയ വകുപ്പ് ചേർത്ത നടപടിക്കെതിരെയാണ് ജനാധിപത്യ കേരള കോൺഗ്രസ് രംഗത്തെത്തിയത്. ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷൻ 81 പ്രകാരം മിച്ചഭൂമിയുടെ പരിധിയിൽ നിന്നും ഇളവ് ലഭിച്ചതും ഭൂമി അനുവദിച്ച ആവശ്യത്തിലേക്ക് വിനിയോഗിക്കാതെ മുറിച്ച് വിൽക്കുകയും തരം മാറ്റം വരുത്തുകയും ചെയ്യുന്ന നടപടി തടയുന്നതിനാണ് സംസ്ഥാന സർക്കാർ ഭൂപരിഷ്കരണ നിയമത്തിൽ 87എ എന്ന പുതിയ വകുപ്പ് ചേർത്തത്.
നിയമം പ്രാബല്യത്തിൽ വരുന്നതോടെ ലക്ഷക്കണക്കിന് ആളുകൾക്കാണ് ഭൂമി നഷ്‌ടപ്പെടാൻ പോകുന്നതെന്നും ഇതിൽ സർക്കാർ അടിയന്തരമായി പുനഃപരിശോധിക്കണമെന്നും ജനാധിപത്യ കേരള കോൺഗ്രസ് പറഞ്ഞു. നിലവിലുള്ള കൈവശ ഉടമസ്ഥാവകാശം ക്രമീകരിച്ചു നൽകുകയും ഭാവിയിൽ ഇത്തരം ക്രമക്കേടുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നുമാണ് ജനാധിപത്യ കേരളാ കോൺഗ്രസ് അധ്യക്ഷൻ ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
കോട്ടയത്തെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ നാൽപ്പതിനായിരത്തോളം പുരയിടങ്ങൾ റീ സർവ്വേക്ക് ശേഷം തോട്ടങ്ങൾ എന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയത്. ഉദ്യോഗസ്ഥ തലത്തിൽ വന്ന ഈ അപാകത അടിയന്തരമായി പരിഹരിക്കണമെന്നും ഇടുക്കി ജില്ലക്ക് മാത്രമായി ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്നും ജാനാധിപത്യ കേരളാ കോൺഗ്രസ് പ്രതിനിധി കോട്ടയത്ത് പറഞ്ഞു.