കോട്ടയം: വിവാദമായ അഹമ്മദ് കുരിക്കൾ മെമ്മോറിയല്‍ ക്ലോക്ക് ടവർ നിർമാണത്തിന് ഹൈക്കോടതിയുടെ അനുമതി. ഈരാറ്റുപേട്ട നഗരസഭ ഫയല്‍ ചെയ്‌ത ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ക്ലോക്ക് ടവര്‍ നിര്‍മാണത്തിന് നഗരസഭ പത്ത് ലക്ഷം രൂപ അനുവദിച്ച് ഡിപിസി അംഗീകാരം വാങ്ങിയതായി നഗരസഭ ചെയര്‍മാന്‍ വി.എം സിറാജ് അറിയിച്ചു.
ലോക്ക് ഡൗണ്‍ തീര്‍ന്ന് സാങ്കേതികാനുമതി ലഭിച്ചാല്‍ ഉടന്‍ ടവറിന്‍റെ നിര്‍മാണം തുടങ്ങും. ടി.എം റഷീദ് ചെയര്‍മാനായിരുന്ന കാലത്താണ് അഹമ്മദ് കുരിക്കള്‍ നഗര്‍ പൊളിക്കുന്നത്. നഗരസഭ അനുമതിയില്ലാതെ കുരിക്കള്‍ നഗര്‍ പൊളിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു. ഇതോടൊപ്പം ഈ വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് സ്വകാര്യ വ്യക്തികളുടെ കേസും ഹൈക്കോടതിയിലെത്തി. ഈ കേസ് അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് നഗരസഭ ഹൈക്കോടതിയെ സമീപിച്ചത്.