കോട്ടയം: സിനിമ–സീരിയൽ താരം കോട്ടയം പ്രദീപ് (61) അന്തരിച്ചു. കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ്. ഇന്ന് (17.02.2022), പുലർച്ചെ മൂന്നുമണിയോടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിയ പ്രദീപിന്‍റെ നില പെട്ടെന്നു വഷളാകുകയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് കോട്ടയം കുമാരനല്ലൂരിലെ വിട്ടു വളപ്പിൽ നടക്കും
ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച പ്രദീപ് ഐ.വി. ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയ രംഗത്തെത്തുന്നത്. ആ ചിത്രത്തിന്‍റെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. എൽ.ഐ.സി ജീവനക്കാരനായിരുന്നു. കുഞ്ഞി രാമായണം, ഒരു വടക്കൻ സെൽഫി തുടങ്ങി എഴുപതിലധികം സിനിമകളിൽ അഭിനയിച്ചു.
പത്താം വയസിൽ എൻ എൻ പിള്ളയുടെ “ഈശ്വരൻ അറസ്റ്റിൽ” എന്ന നാടകത്തിൽ അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് നാല്പത് വർഷമായി നാടകരംഗത്ത് സജീവമായിരുന്നു. അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയർ ആയ ഒരു റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്കുന്നത്.
മലയാളം, തമിഴ് സിനിമകളിൽ നിരവധി ഹാസ്യ വേഷങ്ങൾ ചെയ്‌തു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 2010ൽ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോൻ ചിത്രം 'വിണ്ണൈ താണ്ടി വരുവായ'യിലെ തൃഷയുടെ അമ്മാവൻ ആയി അഭിനയിച്ച കഥാപാത്രം പ്രദീപിന്‍റെ സിനിമാജീവിതത്തിൽ വഴിത്തിരിവായി. തമിഴ് നടന്‍ വിജയ്‌ക്കൊപ്പം തെരി എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'തട്ടത്തിൻ മറയത്തി'ലെ പൊലീസ് കോണ്‍സ്റ്റബിളിന്‍റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിന് ശേഷം നിരവധി വേഷങ്ങള്‍ പ്രദീപിനെ തേടിയെത്തി. മിഴിൽ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു
കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും, കോട്ടയം ബസേലിയസ് കോളജിലും, കോപ്പറേറ്റീവ് കോളജിലുമായാണ് പ്രദീപ് പഠനം പൂര്‍ത്തിയാക്കിയത്. 1989 മുതൽ എൽ ഐ സി ഉദ്യോഗസ്ഥനായി. ഭാര്യ മായ. മക്കള്‍ വിഷ്ണു, വൃന്ദ.