കോട്ടയം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ്റെ മൊഴി രേഖപ്പെടുത്തി (Achu Oommen's Statement Recorded). സമൂഹ മാധ്യമങ്ങളിലൂടെയും പാർട്ടി പ്രചാരണ വേദികളിലൂടെയും അപമാനിച്ചു (Cyber Attack) എന്നാരോപിച്ച് അച്ചു ഉമ്മൻ (Achu Oommen) നൽകിയ പരാതിയിലാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ വീട്ടിലെത്തിയാണ് പൂജപ്പുര പൊലീസ് (Poojapura Police) മൊഴിയെടുത്തത്.
വനിത കമ്മിഷനിലും സൈബർ സെല്ലിലും പൂജപ്പുര പൊലീസ് സ്റ്റേഷനിലുമായിരുന്നു അച്ചു പരാതി നൽകിയിരുന്നത്. തന്നെ വ്യക്തിഹത്യ നടത്തിയതായും സ്‌ത്രീത്വത്തെ അപമാനിച്ചതായും ചൂണ്ടിക്കാട്ടിയാണ് നിയമ നടപടിയുമായി അച്ചു ഉമ്മൻ പരാതിയുമായി മുന്നോട്ടു പോകുന്നത്. സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥനും സൈബർ ആക്രമണം നടത്തിയതായി അച്ചു ഉമ്മന്‍റെ പരാതിയിലുണ്ട്.
പ്രചരിക്കപ്പെട്ട ഫേസ്ബുക്ക് ലിങ്കുകളുടെ വിവരങ്ങൾ സഹിതമാണ് പരാതി നൽകിയത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് (Puthuppally Byelection) പ്രചരണം ശക്തമായിരിക്കെയാണ് അച്ചു ഉമ്മൻ്റെ കണ്ടൻ്റ് ക്രിയേഷൻ ചിത്രങ്ങൾ ഉയർത്തി സൈബർ ആക്രമണം നടന്നത്. അവർ ധരിക്കുന്ന ബ്രാൻഡഡ് വസ്‌ത്രങ്ങളുടെയും ബാഗുകളുടെയും വില പ്രചരിപ്പിച്ച് അതിനെ അപകീർത്തിപരമായ രീതിയിൽ ചിത്രീകരിച്ച സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു.
സംഭവത്തിൽ, സൈബർ പോരാളികൾ കരിയറുമായി ബന്ധപ്പെടുത്തി വ്യാജപ്രചാരണങ്ങളാണ് നടത്തുന്നതെന്നായിരുന്നു അച്ചു ഉമ്മന്‍റെ ആദ്യ പ്രതികരണം. ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാൻ ഉറച്ചുനിൽക്കുന്നുവെന്നും ഉമ്മൻചാണ്ടിയുടെ സൽപേരിന് കളങ്കമുണ്ടാക്കുന്ന വിധത്തിലുള്ള സൈബർ പ്രചാരണങ്ങൾ നിരാശാജനകമാണെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ അച്ചു ഉമ്മൻ വ്യക്തമാക്കുകയായിരുന്നു.
പിന്നീട് സൈബർ ആക്രമണത്തിന് പിന്നിൽ സിപിഎം സൈബർ പോരാളികളാണെന്ന് വ്യക്തമാക്കിയതിന് ശേഷം നിയമ നടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു. സങ്കുചിത രാഷ്‌ട്രീയ താത്‌പര്യത്തിന് വേണ്ടി ഇനിയൊരു സ്ത്രീയും ഇത്തരത്തിൽ അപമാനിക്കപ്പെടരുതെന്ന ഉദ്ദേശ്യത്തിലാണ് നിയമ നടപടി സ്വീകരിക്കുന്നതെന്നും അച്ചു ഉമ്മൻ പറഞ്ഞു.
അതേസമയം, അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ ട്രോളുകളെ (Trolls Against Achu Oommen) സ്വാഗതം ചെയ്യുന്നതായാണ് സഹോദരനും പുതുപ്പള്ളി യുഡിഎഫ് സ്ഥാനാർഥിയുമായ ചാണ്ടി ഉമ്മൻ (Chandy Oommen) പ്രതികരിച്ചത്. ട്രോളുകൾ ജനാധിപത്യത്തിന്‍റെ ഭാഗമാണെന്നും ഇനിയും തുടരണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
മുൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ നടത്തുന്ന ഇത്തരം വ്യക്തിഹത്യ ശുദ്ധ മര്യാദക്കേടാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അന്തസുള്ളവർ ഇത്തരം പ്രവൃത്തികൾ പിന്തുണക്കില്ലെന്നും പുതുപ്പള്ളി ഇടത് സ്ഥാനാർഥി ജെയ്‌ക് സി തോമസും (Jaick C Thomas) അഭിപ്രായപ്പെട്ടിരുന്നു.