പാലാ: 63മത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിന് പാലായില്‍ കൊടിയേറി. ഞായറാഴ്ച വരെ തുടരുന്ന മീറ്റ് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 14 ജില്ലകളിൽ നിന്നായി 1,900 അത്‌ലറ്റുകളാണ് മീറ്റിൽ പങ്കെടുക്കുന്നത്. കായിക മേളയുടെ ഉദ്ഘാടനം എം.എൽ.എ മാണി സി കാപ്പൻ നിര്‍വ്വഹിച്ചു.
മത്സരാർഥികളുടെ പ്രായമനുസരിച്ച് 14, 16, 18, 20 എന്നീ കാറ്റഗറികളിലാണ് മത്സരം നടക്കുന്നത്. ഓട്ടം, ചാട്ടം, ത്രോ വിഭാഗങ്ങളിൽ 60 ലധികം ഇനങ്ങളിലെ മത്സരങ്ങളാണ് നടക്കുന്നത്. സ്കൂൾ കോളജ് വിദ്യാർഥികളും വിവിധ ക്ലബ്കളുടെ പ്രതിനിധികളും അടക്കമുള്ളവരാണ് പാലായിൽ മൂന്നുദിവസത്തെ കായിക മേളയിൽ മാറ്റുരക്കുന്നത്. ഒരിടവേളക്ക് ശേഷമാണ് പാലാ വീണ്ടും ഒരു സംസ്ഥാന കായിക മേളക്ക് വേദിയാവുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ നഗരസഭാധ്യക്ഷ ബിജി ജോജോ അധ്യക്ഷയായിരുന്നു. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ജിമ്മി ജോസഫ്, പി.ഐ ബാബു, ദ്രോണാചാര്യ കെ.ടി തോമസ്, എം രാമചന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.