കൊല്ലം: കുട്ടികളെ ശരീരത്തിൽ ചേർത്തു കെട്ടി അമ്മ കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്‌തു. കൊല്ലം കമുകും ചേരി സ്വദേശിനി രമ്യ രാജാണ്(30) അഞ്ചും മൂന്നും വയസുള്ള മക്കളുമായി ആറ്റിൽ ചാടി ജീവനൊടുക്കിയത്. പുനലൂർ മുക്കടവ് റബ്ബർ പാർക്കിനു സമീപത്ത് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
അഞ്ച് വയസുകാരി മകൾ സരയൂ, മൂന്ന് വയസുകാരൻ സൗരഭ് എന്നിവരെ സാരി ഉപയോഗിച്ച് ശരീരത്തോട് ചേർത്ത് കെട്ടിയായിരുന്നു രമ്യ കല്ലടയാറ്റിൽ ചാടിയത്. മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പൊലീസിലും ഫയർഫോഴ്‌സിലും വിവരം അറിയിക്കുകയയിരുന്നു. ഫയർഫോഴ്സെത്തി മൂവരെയും കരയ്ക്കെക്കെത്തിച്ചങ്കിലും രക്ഷിക്കാനായില്ല.
ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. കുടുംബ പ്രശ്‌നങ്ങളാണ് പിന്നിലെന്നാണ് സൂചന. മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കൾക്ക് വിട്ടുനൽകും. പുനലൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം യുവാവിന്‍റെ ആത്മഹത്യ: മഹാരാഷ്‌ട്രയിലെ കോലാപൂരില്‍ ഭാര്യയെയും മക്കളെയും കനാലില്‍ തള്ളിയിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്‌ത വാര്‍ത്തയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സൗണ്ട് സിസ്‌റ്റം ബിസിനസുകാരനായ സന്ദീപ് അന്നസാവോ പാട്ടീലാണ് ഭാര്യയെയും മക്കളെയു കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം ആതമഹത്യ ചെയ്‌തതെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍, ഇയാളുടെ മക്കളിലൊരാളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തിയിരുന്നു.
കോലാപൂരിലെ കാഗല്‍ ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റിലെ കനാലിന് സമീപത്ത് ഇവരെ കൂട്ടിക്കൊണ്ടു പോയി തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ശേഷം, സന്ദീപ് അവിടെ നിന്ന് രക്ഷപെട്ടിരുന്നു. ഇതിനിടെ വെള്ളത്തില്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ നിലവിളി കേട്ട നാട്ടുകാര്‍ കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. ശേഷം, കുട്ടിയെ കസ്‌ബ സംഗാവോ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു.
പെണ്‍കുട്ടി നല്‍കിയ വിവരത്തെ തുടര്‍ന്നാണ് അമ്മയും സഹോദരനും കനാലില്‍ വീണ കാര്യം നാട്ടുകാര്‍ അറിയുന്നത്. ശേഷം, നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്‍റെ ആത്മഹത്യയും വ്യക്തമാകുന്നത്.
ട്രെയിനില്‍ നിന്ന് യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തി: സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം ഓടുന്ന ട്രെയിനില്‍ നിന്നും സഹയാത്രികന്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട സംഭവം. തമിഴ്‌നാട് സ്വദേശിയായ സോനു മുത്തുവാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മരണമടഞ്ഞ യുവാവ് ഇതര സംസ്ഥാന തൊഴിലാളിയാണെന്നും പൊലീസ് കണ്ടെത്തി.
മംഗളൂരു തിരുവനന്തപുരം മലബാര്‍ എക്‌സ്‌പ്രസില്‍ ഞായറാഴ്‌ച(5.03.2023)യായിരുന്നു സംഭവം. കൊയിലാണ്ടിക്കടുത്ത് ആനക്കുളം റെയില്‍ വേ ഗെയിറ്റിന് സമീപമായിരുന്നു യുവാവ് വീണത്. സോനു മുത്തുവുമായി യാത്രയ്‌ക്കിടെ യുവാവ് തര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രകോപിതനായതിനാലാണ് പ്രതി ഇത്തരമൊരു പ്രവര്‍ത്തി ചെയ്‌തത്.
മറ്റ് യാത്രക്കാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ കോഴിക്കോട് എത്തിയ സമയമായിരുന്നു പ്രതിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു. കൊല്ലപ്പെട്ട യുവാവിനെ അറിയില്ലെന്നായിരുന്നു സോനു മുത്തു പൊലീസിന് മൊഴി നല്‍കിയത്.