കൊല്ലം: കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ സംഘപരിവാറും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടി ഉറപ്പിക്കാനുള്ള ലെയ്‌സണ്‍ ഓഫിസറായിട്ടാണ് കെവി തോമസിനെ ഡല്‍ഹിയില്‍ നിയമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസ് വിട്ട ശേഷം കെവി തോമസ് നടത്തിയ യാത്രകള്‍ പരിശോധിച്ചാല്‍ അദ്ദേഹം സംഘപരിവാര്‍ നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാകുമെന്നും വിഡി സതീശന്‍ പറഞ്ഞു. കെവി തോമസിനെ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ നിയമിക്കാനുള്ള മന്ത്രിസഭ തീരുമാനത്തില്‍ പ്രതികരിക്കുകയായിരുന്നു വിഡി സതീശൻ.
'ശമ്പളം കൊടുക്കാൻ പോലും ഗതിയില്ലാത്ത അവസ്ഥയിലാണ് കേരളം. ധനസ്ഥിതി ഗൗരവമായി കൂപ്പുകുത്തുകയാണ്. ഇതിനിടയിലാണ് സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപ നഷ്‌ടം വരുത്തുന്ന രീതിയിൽ കെവി തോമസിനെ നിയമിക്കാന്‍ തീരുമാനിച്ചത്', അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് വലിയ ബാധ്യത വരുത്തുന്ന ഈ നിയമനം എന്തിനുവേണ്ടി ആണെന്നും വിഡി സതീശൻ ചോദിച്ചു.