കൊല്ലം: ഉത്ര കൊലപാതകത്തില്‍ സൂരജിന്‍റെ അച്ഛൻ സുരേന്ദ്രനെ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. പുനലൂർ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകൾ ചുമത്തിയാണ് സുരേന്ദ്രനെ ഇന്നലെ അറസ്റ്റ് ചെയ്‌തത്.
ഉത്രയുടെ സ്വർണം സൂരജ് അച്ഛനെ ഏല്‍പ്പിച്ചിരുന്നതായുള്ള വിവരത്തെ തുടർന്നാണ് സുരേന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തത്. സ്വർണാഭരണങ്ങൾ അടൂരിലെ സൂരജിന്‍റെ വീടിന് സമീപത്തെ പറമ്പില്‍ നിന്നും ഇന്നലെ കണ്ടെത്തിയിരുന്നു. 38 പവൻ സ്വർണമാണ് പറമ്പില്‍ നിന്നും കണ്ടെടുത്തത്. സ്വർണം കുഴിച്ചിട്ട സ്ഥലം സുരേന്ദ്രനാണ് അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തത്. ഉത്രയുടെ കൂടുതല്‍ സ്വർണം ഇനിയും കണ്ടെത്താനുണ്ട്. സ്വർണം കുഴിച്ചിട്ടത് സൂരജിന്‍റെ അമ്മ രേണുകയുടെ അറിവോടെയാണെന്ന് സുരേന്ദ്രൻ മൊഴി നല്‍കിയിരുന്നു.
സൂരജ് ഒറ്റയ്‌ക്കാണോ കൊലപാതകം നടത്തിയത് അതോ കുടുംബത്തിന്‍റെ കൂടി പിന്തുണയോടെയാണോ എന്ന വ്യക്തമാകുന്നതിനായി സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.