കൊല്ലം: യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിൽ വടിവാളുമായെത്തിയ യുവാവ് പിടിയിൽ. അഞ്ചൽ സ്വദേശി ഷാലുവാണ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിൽ ആയുധവുമായെത്തി കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തിയത്. യുവാവിനെ പ്രവർത്തകർ പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഇയാൾ വന്ന കാറും വടിവാളും പൊലീസ് കസ്റ്റഡിയിലെടുത്തു.
ചടയമംഗലം മണ്ഡലത്തിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ പരിക്കേറ്റ സിപിഎം പ്രവർത്തനായ അസീമിനെ അടിച്ചതാരാണ് എന്ന് ചോദിച്ചാണ് ഷാലു ഭീഷണി മുഴക്കിയത്. വടിവാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിന് ഷാലുവിനെതിരെ അഞ്ചൽ പൊലീസ് കേസെടുത്തു. ഇയാൾ മറ്റ് കേസുകളിലും പ്രതിയാണ്.