കൊല്ലം : ആരോഗ്യരംഗത്ത് സമഗ്രമാറ്റം സൃഷ്‌ടിച്ച് വികസനം സാധ്യമാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച കൊവിഡാനന്തര സമഗ്ര ആരോഗ്യരക്ഷാ പദ്ധതിയായ 'സ്വാസ്ഥ്യസ്‌പര്‍ശം' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രാഥമികതലം മുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. കൊവിഡ് മുക്തരായവരില്‍ ശാരീരികവും മാനസികവുമായ വിഷമതകള്‍ ഒഴിവാക്കുന്നതിനായി പഞ്ചായത്ത് തലം മുതല്‍ വിപുലമായ പദ്ധതികള്‍ നടപ്പിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ആയുഷ് വിഭാഗങ്ങളായ ആയുര്‍വേദം, ഹോമിയോ, യോഗ എന്നിവയോടൊപ്പം ക്ലിനിക്കല്‍ കൗണ്‍സിലിങ്ങും സ്വാസ്ഥ്യസ്‌പര്‍ശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12 ഡോക്‌ടര്‍മാരുടെ സേവനവും ലഭ്യമാക്കി. ആയുര്‍വേദ വിഭാഗം ആഴ്‌ചയില്‍ അഞ്ച് ദിവസവും മറ്റുള്ളവ മൂന്ന് ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയുണ്ടാകും. കൗണ്‍സിലിങ്, യോഗ എന്നിവയ്ക്കായി ഓണ്‍ലൈന്‍ സംവിധാനവുമുണ്ട്.
കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയിൽ പി.സി. വിഷ്‌ണുനാഥ് എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജയദേവി മോഹന്‍, വൈസ് പ്രസിഡന്‍റ് ബി. ദിനേഷ്, ജില്ല പഞ്ചായത്തംഗങ്ങളായ സി. ബാള്‍ഡുവിന്‍, ബി. ജയന്തി, ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.എസ്. മഞ്ചു കുമാരി, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. പ്രമോദ് കുമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ കലാ-കായിക-സാംസ്‌കാരിക മേഖലകളില്‍ മികവ് പുലര്‍ത്തിയ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.