കൊല്ലം: വാണിജ്യ നഗരമായിരുന്ന കൊല്ലത്തെ ശംഖുമുദ്രയുള്ള മറ്റൊരു നിർമിതി കൂടി ചരിത്രമാവുകയാണ്. നഗരത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ലുപാലം പൊളിക്കാനുള്ള നടപടികൾ ഉൾനാടൻ ജലഗതാഗത വകുപ്പ് ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. രാജഭരണകാലത്തെ വ്യാപാര പാതയായിരുന്ന കൊല്ലം തോടിന് കുറുകെ തിരുവിതാംകൂർ രാജകുടുംബം നിർമിച്ചതാണ് ഈ കല്ലുപാലം.
രാജനിർമിതി ഓർമപ്പെടുത്തുന്ന ശംഖുമുദ്ര ഇപ്പോഴും ഇവിടെ കാണാനാകും. ബലക്ഷയമാണ് പാലം പൊളിക്കാൻ കാരണം എന്നാണ് വിശദീകരണം. എന്നാൽ രാജഭരണ കാലത്ത് പണിത പാലം പൊളിക്കാതെ സംരക്ഷിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. അതേസമയം കല്ലുപാലത്തിന്റെ ചരിത്രം ഓർമപ്പെടുത്തുന്ന രീതിയിൽ ശംഖുമുദ്ര സംരക്ഷിച്ച് നിർത്തിയായിരിക്കും പുതിയ പാലത്തിന്‍റെ നിർമാണം എന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് അറിയിച്ചു.