കൊല്ലം: ഓയൂരില്‍ നിന്നും, കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി വീട്ടില്‍ തിരിച്ചെത്തി. വിക്‌ടോറിയ ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ് ചെയ്‌തതിന് പിന്നാലെ കുട്ടിയെ കാറ്റാടിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. ജുവനൈല്‍ കോടതിയില്‍ എത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വീട്ടിലേക്ക് കൊണ്ടുപോയത്.
കുട്ടിയ്‌ക്ക് യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളുമില്ലെന്ന് ഡോക്‌ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പരിശോധനയും കൗണ്‍സിലിങ്ങും അടക്കം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് കുട്ടിയെ വീട്ടിലേക്ക് അയച്ചത്. പൊലീസിന്‍റെ പ്രത്യേക സുരക്ഷയോടെയായിരുന്നു വീട്ടിലേക്കുള്ള യാത്ര.
ഇന്നലെ (നവംബര്‍ 29) ഉച്ചമുതല്‍ കാറ്റാടിയിലെ വീട്ടില്‍ വന്‍ ജനാവലിയാണ് കുഞ്ഞിനെ കാത്തിരുന്നത്. നിറഞ്ഞ കൈയ്യടിയോടെയാണ് നാട് കുട്ടിയെ വരവേറ്റത്. മുത്തച്‌ഛനും മുത്തശ്ശിയും വാരിപ്പുണര്‍ന്നു. യാതൊരു പ്രശ്‌നങ്ങളുമില്ലാതെ കുട്ടി വീട്ടില്‍ തിരിച്ചെത്തിയ സന്തോഷത്തില്‍ നാട്ടുകാര്‍ മധുരം വിതരണം ചെയ്‌തു. കുണ്ടറ എംഎൽഎ പി സി വിഷ്‌ണുനാഥ്, കുമ്മനം രാജശേഖരൻ, യുഎൻഎ ദേശീയ പ്രസിഡന്‍റ് ജാസ്‌മിൻ ഷാ എന്നിവര്‍ അടക്കം രാഷ്‌ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി പേരാണ് കുട്ടിയെ കാണാന്‍ വീട്ടിലെത്തിയത്.
അച്ഛന്‍ ഹാജരാകണം : കുട്ടിയെ വീട്ടില്‍ എത്തിച്ചതിന് പിന്നാലെ പിതാവ് റെജിയോട് പൂയപ്പള്ളി സ്റ്റേഷനിൽ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പിതാവ് താമസിക്കുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിലും, ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഫ്ലാറ്റില്‍ നിന്ന് റെജിയുടെ ഒരു ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.
വീണ്ടും രേഖാചിത്രം പുറത്ത് : കാറ്റാടിയിലെ സ്വന്തം വീടിന് സമീപത്തുനിന്ന് ആറുവയസുകാരിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. മൂന്ന് ദിവസം തുടര്‍ച്ചയായി അന്വേഷണം നടത്തിയെങ്കിലും കേസില്‍ യാതൊരുവിധ തെളിവുകളും ലഭിച്ചിട്ടില്ല. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ട് സ്‌ത്രീകള്‍ ഉണ്ടായിരുന്നെന്ന് കുഞ്ഞ് പൊലീസിന് മൊഴി നല്‍കിയിരുന്നു. കുട്ടി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് വീണ്ടും പ്രതികളുടെ രേഖാചിത്രം പുറത്ത് വിട്ടു. രണ്ട് സ്‌ത്രീകളുടെയും ഒരു പുരുഷന്‍റെയും രേഖാചിത്രങ്ങളാണ് പുറത്ത് വിട്ടത്.
നവംബര്‍ 27നാണ് ഓയൂരിലെ കാറ്റാടിയില്‍ നിന്ന്, കാറിലെത്തിയ സംഘം ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത്. ഇതിന് പിന്നാലെ സംഘം മോചനദ്രവ്യവും ആവശ്യപ്പെട്ടിരുന്നു. 10 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്നും കണ്ടെത്തിയത്.