കൊല്ലം: കൊട്ടാരക്കര മാവടി ഗവൺമെന്‍റ് എൽ. പി സ്കൂളിലെ എൽ കെ ജി വിദ്യാർഥിയായിരുന്ന ശിവജിത്തിന്‍റെ മൃതദേഹം സംസ്കരിച്ചു. സ്കൂളില്‍ പൊതുദർശനത്തിനു വച്ചശേഷമാണ് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ ഉറങ്ങുന്നതിനിടെ ശിവജിത്ത് പാമ്പുകടിയേറ്റ് മരിച്ചത്.
അധ്യാപകർക്കും നാട്ടുകാർക്കും ഏറെ പ്രിയപെട്ടവനായിരുന്നു ശിവജിത്ത്. ഏത് നിമിഷവും നിലംപതിക്കാറായ ഒറ്റമുറി വീട്ടിലായിരുന്നു ശിവജിത്തും അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.അടച്ചുറപ്പുള്ള വീടുണ്ടായിരുന്നെങ്കിൽ മകന് ഈ ഗതി വരില്ലായിരുന്നെന്ന് വീട്ടുകാർ സങ്കടപ്പെടുന്നു .
കഴിഞ്ഞ ദിവസമാണ് ശിവജിത്തിനെ ഉറങ്ങുന്നതിനിടെ പാമ്പ് കടിച്ചത്. മാതാപിതാക്കൾ മുറിക്കുള്ളിൽ തെരച്ചിൽ നടത്തിയെങ്കിലും കടിച്ചതെന്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. എലി ശല്യം ഉളളതിനാല്‍ എലി കടിച്ചതാണെന്നാണ് പിതാവ് മണിക്കുട്ടൻ കരുതിയത്. എന്നാൽ കുട്ടിയുടെ കാലിലെ മുറിവ് കണ്ട് സംശയം തോന്നി വിഷവൈദ്യന്‍റെ അടുത്ത് കൊണ്ടുപോകുകയായിരുന്നു . അച്ഛന്‍റെ കൂടെ ഒരു കിലോമീറ്റർ അകലെയുള്ള വിഷവൈദ്യന്‍റെ അടുത്തേക്ക് നടന്നാണ് ശിവജിത്ത് പോയത്. വിഷവൈദ്യന്‍റെ നിർദേശം അനുസരിച്ചാണ് കുട്ടിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിലെക്ക് കൊണ്ടു പോയത്. എന്നാൽ വഴി മധ്യേ കുട്ടി മരിക്കുകയായിരുന്നു.