കൊല്ലം : പരവൂർ പുറ്റിങ്ങൽ ദുരന്തകേസിൽ കുറ്റപത്രത്തിന്‍റെ പകർപ്പ് പെൻഡ്രൈവിൽ കോടതിക്ക് കൈമാറി. 10,000 ത്തിലധികം പേജുകൾ ഉള്ള കുറ്റപത്രത്തിന്‍റെ 59 പെൻഡ്രൈവുകളാണ് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ചത്.
കേരളത്തിൽ ഇതാദ്യമായാണ് കുറ്റപത്രത്തിന്‍റെ ഇലക്ട്രോണിക് പതിപ്പ് കോടതിയിൽ സമർപ്പിക്കുന്നത്. 2020 ജനുവരിയിൽ 500 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. സുപ്രധാന രേഖകൾ ഉൾപ്പടെ വിശദമായ 5 വാല്യങ്ങളുള്ള കുറ്റപത്രത്തിന്‍റെ ഇലക്ട്രോണിക് പകർപ്പ് സാക്ഷ്യപ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് എസ്‌പി ഷാജഹാന്‍റെ നേതൃത്വത്തിൽ സമർപ്പിച്ചത്.
ഡിസംബറോടെ കുറ്റപത്രം ഉൾപ്പെടുന്ന പെൻഡ്രൈവും രേഖകളും പ്രതികൾക്ക് നൽകി കേസ് കൊല്ലം സെഷൻസ് കോടതിയുടെ പരിഗണനയ്ക്ക് വിടും. 59 പ്രതികളുള്ള കേസിൽ ഇപ്പോൾ 52 പേർ മാത്രമാണ് ജീവിച്ചിരിക്കുന്നത്. പ്രതികൾക്ക് എല്ലാവർക്കുമായി കുറ്റപത്രം നൽകിയാൽ അഞ്ചര ലക്ഷത്തോളം പേജുകൾ വേണ്ടിവരും.
Also Read: OMIKRON :'നിലവില്‍ ആശങ്കപ്പെടേണ്ടതില്ല' ; ജാഗ്രതാനിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി
സ്പെഷ്യൽ പ്രോസിക്യൂട്ടർ പാരിപ്പള്ളി രവീന്ദ്രൻ ഈ ബുദ്ധിമുട്ട് കോടതിയിൽ ചൂണ്ടിക്കാണിച്ചപ്പോഴാണ് പരവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പെൻഡ്രൈവ് രൂപത്തിൽ കുറ്റപത്രം നൽകാൻ നിർദേശിച്ചത്.
വെടിക്കെട്ട് അപകടത്തിൽ മരിച്ച 110 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, അവരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട്, 1658 സാക്ഷികൾ, പരിക്കിന്‍റെ 750 സർട്ടിഫിക്കറ്റുകൾ, 448 തൊണ്ടിമുതലുകൾ, സ്ഫോടക വസ്‌തുക്കളെക്കുറിച്ചുള്ള സെൻട്രൽ ഫോറൻസിക് ലാബ് റിപ്പോർട്ട് തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയതാണ് കുറ്റപത്രം.
കേസിൽ സ്പെഷ്യൽ കോടതിക്ക് ജഡ്‌ജി ഉൾപ്പടെ 18 തസ്തികകൾ അനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാന സർക്കാർ തസ്തിക അനുവദിക്കുന്ന മുറയ്ക്ക് കൊല്ലം കോർപ്പറേഷന്‍റെ ചിന്നക്കടയിലെ ഷോപ്പിങ് കോംപ്ലക്സിൽ പരവൂർ വെടിക്കെട്ട് ദുരന്ത സ്പെഷ്യൽ കോടതിയുടെ പ്രവർത്തനം ആരംഭിക്കും.