കൊല്ലം: നഗരത്തില്‍ ഏറ്റവും കൂടുതൽ പേര്‍ തിങ്ങി പാർക്കുന്ന പുളളിക്കട കോളനി അണുവിമുക്തമാക്കി കോർപ്പറേഷൻ. മുൻ മേയറും, വാർഡ് കൗൺസിലറുമായ ഹണി ബഞ്ചമിൻ്റെ നേതൃത്വത്തിലാണ് അണുനശീകരണം നടത്തിയത്. കൊല്ലത്തിൻ്റെ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കോളനിയില്‍ ഏകദേശം 360 കുടുംബങ്ങളിൽ രണ്ടായിരത്തോളം ആളുകളാണ് പാർക്കുന്നത്.
കോളനിയിൽ ഏതെങ്കിലും രീതിയിൽ പകർച്ചവ്യാധി വന്നാൽ പടർന്ന് പിടിക്കുന്ന സാഹചര്യമാണുള്ളത്. അടുത്തടുത്തായിട്ടാണ് ഷീറ്റുകൾ കൊണ്ട് മേഞ്ഞ വീടുകൾ സ്ഥിതി ചെയ്യുന്നത്. കൊവിഡിന്‍റെ ആദ്യ തരംഗത്തില്‍ കോളനിയിൽ ചില കുടുംബങ്ങളെ രോഗം ബാധിച്ചുവെങ്കിലും ആരോഗ്യ വകുപ്പിൻ്റെയും, കോർപ്പറേഷൻ്റെയും ഇടപ്പെടലിനെ തുടര്‍ന്ന് രോഗ വ്യാപനം തടയാൻ കഴിഞ്ഞിരുന്നു.
also read: തുള്ളിപോലും പാഴാകാത്ത കൃത്യത; കേരളത്തിലെ നഴ്‌സുമാര്‍ക്ക് രാജ്യത്തിന്‍റെ ആദരം
അതേസമയം കോളനിയിൽ നിലവില്‍ 22 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇവരെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റിയതായും വാർഡ് കൗൺസിലർ ഹണി ബെഞ്ചമിൻ പറഞ്ഞു. മറ്റുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിരുന്നു. പരിശോധനാഫലം അടുത്ത ദിവസങ്ങളിൽ ലഭിക്കും. സ്വകാര്യ സ്ഥാപനത്തിൻ്റെ സഹായത്തോടെയാണ് കോളനിയിലെ മുഴുവൻ വീടുകളിലും അണുനശീകരണം നടത്തുന്നതെന്നും കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.