കൊല്ലം: പത്താനപുരത്ത് ജ്യോതികുമാർ ചാമക്കാലയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ബാനർ പ്രതിഷേധം. പത്തനാപുരം മണ്ഡലത്തിൽ പുറമെ നിന്നുള്ള സ്ഥാനാർഥികളെ വേണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സി ആർ നജീബിനെയോ, ബാബു മാത്യുവിനേയോ സ്ഥാനാർഥിയാക്കണം എന്നാണ് ആവശ്യം.
ജ്യോതികുമാര്‍ ചാമക്കാലയെ സ്ഥാനാർഥിയാക്കരുതെന്നാവശ്യപ്പെട്ട് എഐസിസിക്കും കെപിസിസിക്കും പരാതി നൽകിയതിനു പിന്നാലെയാണ് പ്രതിഷേധം. ഇതിനകം തന്നെ എല്‍.ഡി.എഫ് സ്ഥാനാർഥി കെ.ബി.ഗണേഷ് കുമാർ പ്രചാരണവുമായി മണ്ഡലത്തില്‍ സജീവമായിക്കഴിഞ്ഞു. ചുവരെഴുത്തും ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് കോൺഗ്രസിൽ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധം ശക്തമായിരിക്കുന്നത്.