കൊല്ലം : മണ്ഡലകാലം പകുതി പിന്നിടുമ്പോഴും പൂജാ ദ്രവ്യങ്ങൾ വിൽക്കുന്ന വ്യാപാരികൾ ദുരിതത്തിൽ. കഴിഞ്ഞ രണ്ട് വർഷത്തെ കച്ചവടവും നഷ്ടമായ ഈ വ്യാപാരികൾ ഈ മണ്ഡലകാലം അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ ശബരിമല സീസൺ ആരംഭിച്ച് കൊവിഡ് നിയന്ത്രണങ്ങൾക്ക് അയവ് വരുത്തിയെങ്കിലും പൂജാ ദ്രവ്യങ്ങൾ വിൽക്കുന്ന കച്ചവടക്കാർക്ക് ദുരിതം ഒഴിയുന്നില്ല.
അയ്യപ്പഭക്തർക്ക് ആവശ്യമായ എല്ലാ പൂജാദ്രവ്യങ്ങളും കൊല്ലം ചാമക്കടയിലെ മാർക്കറ്റുകളിൽ ലഭ്യമാണ്. നഗരത്തിൽ ഇരുപതോളം കടകളാണുള്ളത്. ശബരിമല സീസൺ പകുതി പിന്നിടുമ്പോഴും കച്ചവടത്തിന് യാതൊരു പുരോഗതിയുമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. അയ്യപ്പഭക്തർ ധരിക്കുന്ന മാല, ചുട്ടികൾ, ഇരുമുടിക്കെട്ട് നിറയ്ക്കാൻ ആവശ്യമായ സാധനങ്ങള്‍ എന്നിവയെല്ലാം കച്ചവടം മുന്നിൽ കണ്ട് വ്യാപാരികൾ വാങ്ങിക്കൂട്ടിയിരുന്നു. പലരും പലിശയ്ക്ക് വായ്പയെടുത്താണ് പൂജാ സാധനങ്ങൾ ഇറക്കിയത്.
ALSO READ: sabarimala: ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍
എന്നാല്‍ ആദ്യം പ്രളയവും രണ്ടാമത് കൊവിഡും മൂന്നാമത് കനത്ത മഴയും വെള്ളപ്പൊക്കവും കൂടി വന്നതോടെ ഈ വ്യാപാരികൾ ദുരിതക്കയത്തിലായി. വൃശ്ചിക, ധനുമാസ പൂജകൾ നടക്കുന്ന ക്ഷേത്രങ്ങളിൽ നിന്നും വരുന്ന കച്ചവടമാണ് വ്യാപാരികൾക്ക് കുറച്ചെങ്കിലും ആശ്വാസം നൽകുന്നത്.
ഒരോ മണ്ഡലകാലത്തും ഇറക്കി വയ്ക്കുന്ന ഇരുമുടി ഉൾപ്പെടെയുള്ളവ അടുത്ത സീസണിൽ വിൽക്കാൻ കഴിയില്ലെന്നും വ്യാപാരികൾ പറയുന്നു. മണ്ഡലകാലം പകുതിയിലെത്തുമ്പോഴാണ് പൂജാദ്രവ്യങ്ങൾ വാങ്ങാൻ ആളുകൾ എത്തുന്നത്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ അതിലും പ്രതീക്ഷയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വരും ദിവസങ്ങളിൽ വ്യാപാരം നടക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.