കൊല്ലം : വടിവാൾ വീശി, നായകളെ അഴിച്ചുവിട്ടു, അമ്മയെ കൊല്ലുമെന്ന് ഭീഷണി മുഴക്കി, പിന്നെ ആത്മഹത്യ ഭീഷണിയും. ഒടുവിൽ നാട്ടുകാരെയും പൊലീസിനെയും വിറപ്പിച്ച കൊല്ലം ചിതറ സ്വദേശി സജീവനെ പിടികൂടിയത് അതിസാഹസികമായി. 56 മണിക്കൂർ ഏവരെയും മുൾമുനയിൽ നിർത്തിയ സജീവന്‍റെ ശ്രദ്ധ ഇടയ്‌ക്കൊന്ന് പാളി.
സജീവന്‍റെ കണ്ണൊന്ന് തെറ്റിയപ്പോൾ പിന്നിൽ നിന്ന് പൊലീസ് ചാടി വീണു. പിന്നാലെ നാട്ടുകാരും വളഞ്ഞു. തുടർന്ന് കൈവിലങ്ങണിയിച്ച് തോളിലിട്ട് വാഹനത്തിലേക്ക് മാറ്റി.
വ്യാഴാഴ്‌ച (ജനുവരി 5) മുതലാണ് വടിവാള്‍ വീശി അഴിഞ്ഞാടി വളര്‍ത്തുനായകള്‍ക്കൊപ്പം സജീവൻ മേഖലയെ ഭീകരാന്തരീക്ഷത്തിലാക്കിയത്. നീണ്ട അൻപത്തിയാറ് മണിക്കൂറുകൾക്ക് ശേഷം നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
പ്രദേശവാസിയായ സുപ്രഭയുടെ വീട്ടിലെത്തി ഇത് തന്‍റെ ഭൂമിയാണെന്നും അവിടെ നിന്നും ഒഴിയണമെന്നും ആവശ്യപ്പെട്ട് ഭീഷണി മുഴക്കി. പിന്നീട് നായ്ക്കളെ അഴിച്ചുവിട്ടു. ഇവിടം മുതലാണ് പ്രശ്‌നങ്ങൾക്ക് തുടക്കം.
വിവിധ ഇടങ്ങളില്‍ തന്‍റെ അച്ഛന്‍ വാങ്ങിക്കൂട്ടിയ ഭൂമിയുടെ പ്രമാണങ്ങള്‍ അയല്‍വാസികളായവർ കൈക്കലാക്കിയെന്നും തിരികെ നൽകണമെന്നുമായിരുന്നു നാട്ടുകാരോടുള്ള ഭീഷണി. സംഭവത്തിൽ പരാതി കിട്ടി സ്ഥലത്തെത്തിയ പൊലീസിന് നേര്‍ക്കും പട്ടിയെ അഴിച്ചുവിട്ട് ഭീഷണി. കടയ്ക്കലില്‍ നിന്ന് അഗ്നിശമന സേനയും ചിതറയില്‍ നിന്ന് പൊലീസും എത്തി സജീവിനെ പിടികൂടാന്‍ നോക്കിയെങ്കിലും ആദ്യം സാധിച്ചില്ല.
പൊലീസിനെ കബളിപ്പിച്ച് സ്വന്തം വീട്ടിലെത്തിയ സജീവന്‍ ഗേറ്റ് പൂട്ടി നായ്ക്കളെ തുറന്നുവിട്ടതിനാല്‍ പിടികൂടാന്‍ കഴിഞ്ഞില്ല. ഇന്നലെ ഉച്ചയോടെ വൻ പൊലീസ് സന്നാഹവും ഫയർ ഫോഴ്‌സും അധികൃതരും, നായയെ മെരുക്കാൻ പരിശീലനം ലഭിച്ചവരും സജീവന്‍റെ വീടിന്‍റെ പരിസരത്ത് പ്രവേശിച്ചെങ്കിലും ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.
പൊലീസ് വീടിനകത്ത് കയറുമെന്ന ഘട്ടമായപ്പോള്‍ കഴുത്തില്‍ വടിവാള്‍ വച്ച് അമ്മയെ കൊല്ലുമെന്ന് ആദ്യം ഭീഷണിപ്പെടുത്തി. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷവും പൊലീസ് ശ്രമം തുടരുന്നു എന്നായപ്പോൾ സ്വന്തം കഴുത്തില്‍ വടിവാള്‍വച്ച് ആത്മഹത്യ ചെയ്യുമെന്നായി. തുടർന്ന്, പൊലീസ് താത്കാലികമായി പിന്മാറി.
Also read: വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് യുവാവ് ; നായ്‌ക്കളെ അഴിച്ചുവിട്ട് പൊലീസിനെയും വിരട്ടി
എന്നാല്‍ പതിയെ പട്ടികളെ മെരുക്കി പൊലീസ് വീട്ടിനുള്ളിൽ കയറി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പിന്നിലൂടെ ഇരച്ചെത്തി പിടികൂടി കീഴ്‌പ്പെടുത്തി. അതിനിടെ വടിവാള്‍ വീശിയതോടെ നാട്ടുകാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സജീവൻ്റെ അമ്മയേയും പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.