കൊല്ലം : ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ (Oyoor girl missing case) പ്രധാന പ്രതി ചാത്തന്നൂർ സ്വദേശി പത്മകുമാറിൻ്റെ ഭാര്യയും മകളും പ്രതിയാകും. പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. അടൂർ എ ആർ ക്യാമ്പിലാണ് പ്രതി പത്മകുമാറിനെ ചോദ്യം ചെയ്യുന്നത്. കുട്ടിയെ തട്ടി പോകാൻ കാരണം പിതാവ് റെജിയോടുള്ള മുൻവൈരാഗ്യമാണെന്ന് പ്രതി സമ്മതിച്ചതായാണ് വിവരം (Oyoor girl missing case accused accepted the crime). പത്മകുമാറിൻ്റെ മകൾക്ക് വിദേശത്ത് നഴ്‌സിങ് ജോലി ശരിയാക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ട് പോകലിന് കാരണം.
അഞ്ച് ലക്ഷം രൂപ കൂട്ടിയുടെ അച്ഛൻ റെജിക്ക് പത്മകുമാർ നൽകിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയി പാർപ്പിച്ചത് ഇയാളുടെ പോളച്ചിറയിലെ ഫാം ഹൗസിലായിരുന്നു. ഇവിടെ കുഞ്ഞിനെ നോക്കിയിരുന്നത് പത്മകുമാറിൻ്റെ മകളാണ്. കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ പത്മകുമാർ സഹായം തേടിയത് കൊല്ലത്തെ സ്ത്രീകൾ ഉള്‍പ്പെടുന്ന ക്വട്ടേഷൻ സംഘത്തില്‍ നിന്നാണ്. ഇവർക്കായി പൊലീസ് നഗരത്തിൽ വ്യാപക പരിശോധന ആരംഭിച്ചു.
കുടുംബത്തെ ഭയപ്പെടുത്തുക മാത്രമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെ ഉദ്ദേശമെന്ന് പത്മകുമാർ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഭാര്യയ്ക്കും മകൾക്കും കൃത്യത്തില്‍ പങ്കില്ലെന്നാണ് ഇയാൾ ചോദ്യം ചെയ്യലില്‍ ആവർത്തിച്ച് പറയുന്നത്. രേഖാചിത്രവും ഓട്ടോ ഡ്രൈവറുടെ മൊഴിയുമാണ് തട്ടിക്കൊണ്ട് പോകൽ പ്രതികളെ പിടികൂടുന്നതിന് സഹായിച്ചത്.
ഹോട്ടലിൽ ആഹാരം കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള ഡാൻസാഫ് ടീം പ്രതികളെ പിടികൂടിയത്. പൊലീസാണെന്ന് അറിഞ്ഞതോടെ രക്ഷപ്പെടാൻ ഇവര്‍ ശ്രമിച്ചിരുന്നു. പലീസ് ബലം പ്രയോഗിച്ചാണ് പത്മകുമാറിനെ കസ്റ്റഡിയിലെടുത്തത്.
മൂന്ന് പേരെയും മാറ്റി ഇരുത്തിയാണ് അടൂർ എ ആർ ക്യാമ്പിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. റെജിയോട് വെള്ളിയാഴ്‌ച മൊഴി രേഖപ്പെടുത്താൻ സ്റ്റേഷനിൽ എത്തണമെന്ന് പോലീസ് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ റെജി സ്റ്റേഷനിൽ ഹാജരായില്ല. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെടുത്തി പത്മകുമാർ പറഞ്ഞ കാര്യങ്ങളെ കുറിച്ച് കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്‌താല്‍ മാത്രമേ തട്ടികൊണ്ട് പോകലിൻ്റെ യഥാർഥ ചിത്രം വ്യക്തമാകൂ.
അതേസമയം പൊലീസ് പിടികൂടിയതിന് പിന്നാലെ പത്മകുമാറിൻ്റെ ചാത്തന്നൂരിലെ വീടിന് മുന്നിൽ ജനം തടിച്ച് കൂടി. കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച വെള്ള കാർ ചാത്തന്നൂരിലെ വീട്ടിലെ കാർ ഷെഡില്‍ കണ്ടെത്തി. അതിനാൽ തന്നെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.