കൊല്ലം : ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ കസ്‌റ്റഡിയിൽ (Oyoor girl abducted case : three people taken into custody). ചാത്തന്നൂർ സ്വദേശികളായ ഒരു പുരുഷനും രണ്ട് സ്‌ത്രീകളുമാണ് പിടിയിലായത്. തമിഴ്‌നാട് അതിർത്തിയിലെ പുളിയറയിൽ നിന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ ഡാൻസാഫ് ടീം ആണ് ഇവരെ പിടികൂടിയത്. ഇവരിൽ പത്മകുമാർ എന്നയാൾക്ക് മാത്രമാണ് കൃത്യത്തിൽ നേരിട്ട് പങ്കുള്ളതെന്ന് പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ വ്യക്തമായെന്നാണ് സൂചന.
മൂവരെയും അടൂർ ക്യാമ്പില്‍ എത്തിച്ചു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ക്യാമ്പിലെത്തി ഇവരെ ചോദ്യം ചെയ്യുകയാണ്. അതേസമയം ഇവരുടെ ചിത്രം കാണിച്ചപ്പോൾ കണ്ടിട്ടില്ലെന്നാണ് കുട്ടി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം ഈ ഓട്ടോറിക്ഷയിലാണ് പാരിപ്പളളിയിലെത്തി കടയിൽ കയറി സാധനം വാങ്ങിയതും കടയുടമയുടെ ഫോണിൽ നിന്നും കുട്ടിയുടെ അമ്മയുടെ മൊബൈലിൽ വിളിച്ച് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതും (Oyoor girl missing case).
നിരവധി പേരെ ഇതിനോടകം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു. കാറിന് വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ച് നൽകിയ ആളെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ തങ്ങിയ വീടിൻ്റെ ഉടമസ്ഥനെയും കസ്റ്റഡിയിലെടുത്തതായാണ് സൂചന (Oyoor six year old girl missing case). ഇവരെ കൂടാതെ മൂന്ന് പുരുഷൻമാർക്കും തട്ടിക്കൊണ്ടുപോകലില്‍ പങ്കുള്ളതായാണ് വിവരം.
പിടിയിലായത് ഭർത്താവും, ഭാര്യയും, മകളുമാണെന്നാണ് സൂചന. നഴ്‌സിങ് മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. പക്ഷേ കുട്ടി ഇവരെ തിരിച്ചറിയാത്തത് അന്വേഷണത്തെ ബാധിക്കും.
അതേസമയം പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് ഇവരെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിലേക്ക് നയിച്ചത് എന്നും പറയപ്പെടുന്നു. വീട്ടിൽ വീണ്ടും എത്തി അന്വേഷണ ഉദ്യേഗസ്ഥർ കുട്ടിയുമായി സംസാരിക്കും.