കൊല്ലം: നാല് വര്‍ഷമായി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെ ചെറിയഴീക്കല്‍ ഗവ. വി.എച്ച്.എസ് സ്‌കൂള്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴാറായ അവസ്ഥയില്‍. മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. മണ്ഡലത്തിലെ എല്ലാ പൊതു വിദ്യാലയങ്ങളും ഹൈടെക്കായെന്ന് എം.എല്‍.എ ആര്‍. രാമചന്ദ്രന്‍ പ്രഖ്യാപിച്ച കരുനാഗപ്പള്ളി മണ്ഡലത്തില്‍ തന്നെയാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നതെന്നാണ് വിരോധാഭാസം.
1984-ലാണ് സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. അതിന് ശേഷം പ്രത്യേകിച്ച് നവീകരണങ്ങളൊന്നും നടക്കാതിരുന്ന കെട്ടിടം ഏതു നിമിഷവും തകര്‍ന്നുവീഴാമെന്ന സ്ഥിതിയിലാണെന്ന് പിടിഎ പ്രസിഡന്‍റ് ജി. രഘു പറഞ്ഞു. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയിലുള്‍പ്പടെ നിരവധി തവണ നൂറ് ശതമാനം വിജയം നേടിയ സ്‌കൂളാണ് ചെറിയഴീക്കല്‍ ഗവ.വി.എച്ച്.എസ്.എസ്. മഴക്കാലമായാല്‍ എസ്.എസ്.എ നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് മുറിയും പ്രധാനാധ്യാപകന്‍റെ ഓഫീസ് മുറിയും ഉള്‍പ്പടെ ചോര്‍ന്നോലിക്കുന്ന സ്ഥിതിയാണ്. സ്‌കൂളിന്‍റെ ശോചനീയവസ്ഥ പല തവണ എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വാര്‍ഡ് മെമ്പര്‍ സിബി ബോണി പറഞ്ഞു.
അടിയന്തരമായി കെട്ടിടങ്ങൾ പുതുക്കി പണിഞ്ഞില്ലെങ്കിൽ അടുത്ത അധ്യായന വർഷം മുതൽ വിദ്യാർഥികളെ സ്‌കൂളിലേക്ക് വിടാൻ രക്ഷിതാക്കള്‍ തയാറാകില്ലെന്നും പി.ടി.എ പ്രസിഡന്റ് ജി. രഘു പറഞ്ഞു.