കൊല്ലം : പൊലീസ് പോസ്റ്റൽ വോട്ട് വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻ കെ പ്രേമചന്ദ്രൻ . പൊലീസ് അസോസിയേഷനെ മുൻനിർത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം നടത്തുന്ന ശ്രമങ്ങളെ സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ നിയോഗിച്ച പൊലീസ് സേനയിലെ വോട്ടവകാശം പോലും സ്വതന്ത്രമായി വിനിയോഗിക്കാനുള്ള അവസരം കേരള സർക്കാർ നിഷേധിച്ചെന്നും പ്രേമചന്ദ്രൻ.
ഭീഷണിപ്പെടുത്തിയുള്ള വോട്ട് സമാഹരണം ആസൂത്രണം ചെയ്ത് നടപ്പാക്കിയ പൊലീസ് അസോസിയേഷൻ ഭാരവാഹികളെ മാതൃകാപരമായി ശിക്ഷിക്കണം. കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംഘടിതമായ ശ്രമം നടന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. അതിനെതിരെ കാര്യമായ നടപടികൾ സ്വീകരിക്കാത്തത് അതീവ ഗുരുതരമാണ്. വോട്ടർപട്ടികയിലെ പേര് നീക്കം ചെയ്യുന്നതിൽ ഗുരുതരമായ ക്രമക്കേട് നടന്നുവെന്ന ഉമ്മൻചാണ്ടിയുടെ പ്രസ്താവന വസ്തുതാപരമാണ്. ഇത് സ്ഥിരീകരിക്കുന്നതാണ് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ സ്ഥിതി എന്നും ഇതുസംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടു കൊണ്ട് അദ്ദേഹം പറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത് 1295042 വോട്ടർമാരാണ് 2019 പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ എണ്ണം 1259400 ആയി കുറഞ്ഞു എന്നും പ്രേമചന്ദ്രൻ പറഞ്ഞു.