കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ മുണ്ടുടുത്ത സ്റ്റാലിനാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കൊവിഡ് രോഗികളുടെ എണ്ണം 10,000 കടക്കുമെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയും സ്പീക്കറും ഉൾപ്പടെ ഏഴ് മന്ത്രിമാരും ക്വാറന്‍റൈനില്‍ പോകേണ്ടി വന്നു. ഈ സർക്കാർ ഒന്നാകെ ക്വാറന്‍റൈനില്‍ പോകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും മുല്ലപ്പള്ളി കൊല്ലത്ത് പറഞ്ഞു.
അതേസമയം, സ്വർണക്കടത്തിന്‍റെ പ്രഭവകേന്ദ്രം പ്രമുഖ മന്ത്രിയുടെ ഓഫിസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു ജനദ്രോഹത്തിൽ അവാർഡ് നേടിയ സർക്കാരാണ് കേരളത്തിലേത്. സംസ്ഥാനത്ത് തുടർ ഭരണം സ്വപ്നം കണ്ടവർ എവിടെയെന്ന് ജനങ്ങൾ ചോദിക്കുന്നു. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ലൈഫ് പദ്ധതിയിൽ റെഡ്ക്രസന്‍റ് എത്ര കോടി നൽകിയെന്നും എത്ര വീടുകൾ വാഗ്ദാനം ചെയ്തു എന്നുമുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കൊല്ലം കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആർ. ശങ്കർ- സിഎം സ്റ്റീഫൻ സ്മാരക മന്ദിരത്തിന്‍റെയും എ.എ റഹീം സ്മാരക ഓഡിറ്റോറിയത്തിന്‍റെയും ഉദ്ഘാടനം മുല്ലപ്പള്ളിയും ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ചേർന്ന് നിര്‍വഹിച്ചു.