കൊല്ലം: പട്ടിണി മാറ്റാൻ തൊഴിൽ തേടിയിറങ്ങി ലോക്ക് ഡൗണിൽ കൊല്ലത്ത് കുടുങ്ങിയ മധ്യപ്രദേശ് സ്വദേശി ശിവയെ തേടി അമ്മയെത്തി. കൊല്ലം ഗേൾസ് സ്കൂളിലെ അഭയകേന്ദ്രത്തിൽ പെട്ടെന്ന് അമ്മയെ കണ്ടപ്പോൾ ശിവ പൊട്ടിക്കരഞ്ഞു. അമ്മ ശിവയെ മാറോട് ചേർത്ത് പിടിച്ചു വിതുമ്പി.
പിന്നെ ഇരുവരും കൈകൾ കോർത്തുപിടിച്ച് നാട്ടിലേക്ക് മടങ്ങി. ദാരിദ്ര്യം സഹിക്കാനാകാതെയാണ് മധ്യപ്രദേശ് സ്വദേശിയായ പത്തൊൻപതുകാരൻ ശിവ കൂട്ടുകാർക്കൊപ്പം തൊഴിൽ തേടി ട്രെയിൻ കയറിയത്. യാത്രയ്ക്കിടയിൽ കൂട്ടുകാർ പലവഴിക്ക് പിരിഞ്ഞു.
also read:വീരമൃത്യു വരിച്ച ഭർത്താവിൽ നിന്ന് പ്രചോദനം; രാജ്യത്തെ സേവിക്കാൻ ഇനി നിതിക കൗൾ ധൗണ്ടിയാലും
ശിവ വന്നിറങ്ങിയത് കൊല്ലം റെയിൽവേ സ്റ്റേഷനിൽ. അപ്പോഴേക്കും ഇവിടെ രണ്ടാം ലോക്ക് ഡൗൺ ആരംഭിച്ചിരുന്നു. ആഹാരം കഴിക്കാതെ അവശനായി നഗരത്തിൽ അലഞ്ഞുനടന്ന ശിവ പൊലീസിന്‍റെ കൈയിൽപ്പെട്ടു. പൊലീസ് ശിവയെ ആരോരുമില്ലാത്തവരെ പാർപ്പിക്കാൻ ലോക്ക് ഡൗൺ കാലത്ത് നഗരസഭ ആരംഭിച്ച ബോയ്സ് സ്കൂളിലെ അഭയ കേന്ദ്രത്തിൽ എത്തിച്ചു.
അഭയകേന്ദ്രത്തിൽ കഴിയുന്നതിനിടയിൽ നഗരസഭ അധികൃതർ ശിവയുമായി സംസാരിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അങ്ങനെ ലഭിച്ച വിലാസം ഉപയോഗിച്ച് ബന്ധുക്കളുമായി ബന്ധപ്പെട്ടു. അപ്പോൾ മകൻ എവിടെയെന്നറിയാതെ നെഞ്ചുനീറി കഴിയുകയായിരുന്നു ശിവയുടെ അമ്മ.
മകൻ കൊല്ലത്ത് ഉണ്ടെന്ന് അറിഞ്ഞതോടെ ട്രെയിനിൽ കയറി കൊല്ലത്തേക്ക് പാഞ്ഞെത്തി. മേയർ പ്രസന്ന ഏണസ്റ്റിന്‍റെ നേതൃത്വത്തിൽ ശിവയെ അമ്മയ്ക്കൊപ്പം ഇന്നലെ യാത്രയാക്കി. മധ്യപ്രദേശിലേക്ക് ഇരുവർക്കുമുള്ള ടിക്കറ്റും യാത്രയ്ക്കിടയിൽ കഴിക്കാനുള്ള ഭക്ഷണവും നഗരസഭ അധികൃതർ സ്നേഹ സമ്മാനമായി നൽകി.