കൊല്ലം: തേവലപ്പുറത്ത് വർക്ക് ഷോപ്പിന്‍റെ മറവിൽ ചാരായ വിൽപന നടത്തി വന്നയാളെ എക്സൈസ് പിടികൂടി. കോട്ടാത്തല സ്വദേശി പ്രകാശാണ് പിടിയിലായത്. 15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമാണ് പ്രകാശിന്‍റെ വർക്ക് ഷോപ്പില്‍ നിന്ന് പിടികൂടിയത്. കേടായ വാഹനത്തിനുള്ളിൽ മദ്യം ഒളിപ്പിച്ച് വെച്ചായിരുന്നു കച്ചവടം.
വർക്ക് ഷോപ്പിന് മുന്നിൽ എല്ലാ ദിവസവും തിരക്ക് അനുഭവപ്പെട്ടതോടെയാണ് എക്സൈസിന് രഹസ്യ വിവരം ലഭിച്ചത്. വേഷം മാറിയെത്തിയ എക്സൈസ് സംഘം മദ്യം ആവശ്യപ്പെട്ടു വാങ്ങിയ ശേഷമാണ് പ്രകാശിനെ അറസ്റ്റ് ചെയ്തത്. മിനറൽ വാട്ടർ കുപ്പികളിൽ നിറച്ചായിരുന്നു മദ്യ വിൽപന.
കൊട്ടാരക്കരയിൽ നിന്നുള്ള എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പരിശോധനയിൽ പ്രിവന്‍റീവ് ഓഫിസർ ഷിലു, ഗ്രേഡ് പ്രിവന്‍റീവ് ഓഫിസർമാരായ സന്തോഷ് കുമാർ, രമേശൻ, എന്നിവർ പങ്കെടുത്തു.