കൊല്ലം: പുത്തൂരിനടുത്ത് നവജാത ശിശുവിനെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസിൽ കുട്ടിയുടെ അമ്മയ്‌ക്ക് ജീവപര്യന്തം (Kerala court sentences women to life imprisonment for killing newborn baby). കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് യുവതി കൊലപ്പെടുത്തിയത് (Kollam newborn baby murder case).
ശിക്ഷ ഇങ്ങനെ: കൊല്ലം അഡീഷണൽ സെഷൻസ് ജഡ്‌ജി ഐ പി എൻ വിനോദാണ് 29 കാരിയായ യുവതിക്ക് വിധിച്ചത്. ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി മുണ്ടയ്ക്കൽ പറഞ്ഞു. ഐ പി സി സെക്ഷൻ 302 (കൊലപാതകം) പ്രകാരമുള്ള കുറ്റത്തിനാണ് യുവതിയ്‌ക്കെതിരെ ചുമഴ്‌ത്തിയത്.
മൃതദേഹം കണ്ടെത്തിയത് അഴുകിയ നിലയിൽ: മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ഭാഗികമായി അഴുകിയ നിലയിൽ ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ നിന്നാണ് കണ്ടെത്തിയത്. ശരീരം നായ്ക്കൾ കടിച്ചുകീറിയ നിലയിലാണ് കണ്ടെത്തിയത്. പറമ്പിൽ നിന്ന് മൃതദേഹം കണ്ട കുടുംബശ്രീ പ്രവർത്തകർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
യുവതി ബന്ധുവീട്ടിലാണ് പ്രസവിച്ചത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിടുകയുമായിരുന്നുവെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. തെരുവ് നായ്ക്കൾ മൃതദേഹം വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതാണ്. യുവതിയുടെ ഗർഭധാരണം മറച്ചുവെച്ച് രണ്ട് തവണ ഗർഭഛിദ്രം നടത്താൻ ശ്രമിച്ച ഭർത്താവിനെ കോടതി വെറുതെ വിട്ടതായി പ്രോസിക്യൂട്ടർ പറഞ്ഞു.
എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്തിയതിലോ മൃതദേഹം കുഴിച്ചിട്ടതിലോ ഭർത്താവിന് പങ്കുള്ളതായി യാതൊരു തെളിവുകളും ലഭിച്ചില്ല. സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് യുവതിയ്‌ക്ക് ശിക്ഷ വിധിച്ചത്. അന്വേഷണത്തിൽ നടത്തിയ വൈദ്യപരിശോധനയിൽ യുവതി അടുത്തിടെ പ്രസവിച്ചതായി കാണിച്ചിരുന്നു.
ശേഷം നടത്തിയ ഡിഎൻഎ പരിശോധനയിൽ കുഞ്ഞ് യുവതിയുടേത് തന്നെ ആണെന്ന് തെളിഞ്ഞു. ദമ്പതികൾക്ക് രണ്ടര വയസുള്ള ഒരു മകനുണ്ട്. 2017 ഒക്ടോബറിൽ ഗർഭിണിയായ യുവതി ഗർഭം മറച്ചുവെച്ചു. ഇവർ രണ്ട് ആശുപത്രികളിൽ നിന്ന് രണ്ട് തവണ ഗർഭഛിദ്രം നടത്താൻ ശ്രമിച്ചിരുന്നു.
എന്നാൽ ആശുപത്രികൾ ഇവരുടെ ആവശ്യം നിരസിച്ചു. 2018 ഏപ്രിൽ 17നാണ് യുവതി പ്രസവിച്ചത്. ശേഷം കുഞ്ഞിനെ കൊന്ന് മൃതദേഹം കുഴിച്ചിടുകയായിരുന്നു.
Also read: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; അമ്മയെ ഹോസ്റ്റലിലെത്തിച്ച് തെളിവെടുത്തു