കൊല്ലം: കെഎസ്ആർടിസി നവീകരണത്തിൻ്റെ പാതയിലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പുനലൂർ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ പുതുതായി നിർമിച്ച ഓഫിസ് കെട്ടിടം, വനിത വിശ്രമ കേന്ദ്രം, ഗ്രൗണ്ട് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായി അദ്ദേഹം. പുനലൂർ സബ് ഡിപ്പോയിൽ നിന്നും കണ്ണൂർ കുടിയാന്മലയിലേക്കുള്ള പുതിയ ബസ് സർവീസിൻ്റെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു.
ലാഭത്തിൽ ഓടുന്ന സർവിസുകൾ, മിതമായ രീതിയിൽ പോകുന്ന സർവീസുകൾ, നഷ്‌ടത്തിലുള്ളവ എന്നിവയെ വേഗം തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ലാഭത്തിൽ ഓടുന്ന സർവീസുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തി അതിൽ നിന്ന് ലഭിക്കുന്ന ലാഭം ഉപയോഗിച്ച് നഷ്‌ടത്തിലുള്ള സർവീസുകളുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കോർപ്പറേഷൻ്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. പ്രതിവർഷം 1200 കോടിയിൽ പരം തുക ബജറ്റിൽ വകയിരുത്തിയാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകുന്നത്. അഞ്ച് വർഷത്തിനിടയിൽ 5000 കോടി രൂപയിലധികം വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
54 ഷെഡ്യൂളുകളായിരുന്നു പുനലൂർ യൂണിറ്റിൽ നിന്നും സർവീസ് നടത്തിയിരുന്നത്. കൊവിഡ് പ്രതിസന്ധി ആയതിനാൽ അത് 34 ആക്കി ചുരുക്കി. അടുത്ത പത്ത് ദിവസത്തിനുള്ളിൽ പുനലൂരിൽ നിന്നും കൂടുതൽ സർവീസുകൾ നടത്താനുള്ള ക്രമീകരണങ്ങൾ ആയിട്ടുണ്ട്. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി ചേർത്തല ഡിപ്പോയിൽ നിന്നും 10 ഡ്രൈവർമാരെ കൂടി താൽക്കാലിക അടിസ്ഥാനത്തിൽ പുനലൂർ സബ് ഡിപ്പോക്ക് നൽകും. പുനലൂർ-ഗുരുവായൂർ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികളും പൂർത്തിയായതായി മന്ത്രി കൂട്ടിച്ചേർത്തു. ആസ്‌തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 35 ലക്ഷം രൂപയുടെ ഗ്യാരേജിൻ്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും രണ്ട് മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.