കൊല്ലം: 'മഹേഷിന്‍റെ പ്രതികാരം' സിനിമയിലേത് പോലെ രാജുവിന് ഇത് ആരോടുമുള്ള പകയോ പ്രതികാരമോ അല്ല. പക്ഷെ ചെരുപ്പിടില്ല. അതിന് രാജുവിന് തന്‍റെതായ മറുപടിയും ഉണ്ട്. ചെറുപ്പത്തിൽ ചെരുപ്പ് വാങ്ങാനുള്ള പണം ഉണ്ടായില്ല. വലുതായി കഴിഞ്ഞപ്പോൾ ചെരുപ്പ് ഒരു ആവശ്യമായി രാജുവിന് തോന്നിയതുമില്ല. കൊല്ലം പൂതക്കുളം പതിമൂന്നാം വാർഡിൽ സിപിഐ സ്ഥാനാർഥിയായാണ് രാജു ഡി പൂതക്കുളം മത്സരിക്കുന്നത്. പ്രചാരണത്തിന് ചുവർ എഴുതുന്നതും ആർട്ടിസ്റ്റ് കൂടിയായ രാജു തന്നെയാണ്.
കല്ലും മുള്ളും നിറഞ്ഞ വഴികളിൽ രാത്രി കത്തിച്ച ടയറിന്‍റെ വെളിച്ചത്തിൽ എഴുതി തീർത്ത കഥകൾ ഏറെയുണ്ട് രാജുവിന് പറയാൻ. പൂതക്കുളം പഞ്ചായത്തിൽ 2005 മുതൽ 2010 വരെ അംഗമായിരുന്ന രാജു ഇത് രണ്ടാം തവണയാണ് മത്സര രംഗത്ത് ഇറങ്ങുന്നത്. ബാലവേദിയിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ രാജു എഐവൈഎഫ് മണ്ഡലം സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്‍റ്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു വരുന്നു.
2005ൽ ആദ്യമായി സ്ഥാനാർഥി ആയതിനുശേഷമാണ് മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി ചുവരെഴുത്തിന് പോകാത്തത്. അതുവരെ ജോലി എന്ന രീതിയിൽ ആരുവിളിച്ചാലും പോയി ചുവർ എഴുതുമായിരുന്നു. നാട്ടുകാരുടെ ഏറെ പ്രിയങ്കരൻ കൂടിയായ രാജുവിന് വേണ്ടിയുള്ള പ്രചരണ പരിപാടികൾ പൊടിപൊടിക്കുകയാണ് പൂതക്കുളത്ത്.