കൊല്ലം: കൊവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ജില്ലയായി കൊല്ലം. ഇന്നലെ മാത്രം 724 പേര്‍ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കി. എന്നാല്‍ രോഗവ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള ഘട്ടമെന്ന നിലയില്‍ അതീവജാഗ്രത തുടരുകയാണെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.
ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയുകയും ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണം. അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് ഗൃഹനിരീക്ഷണമുണ്ടാവില്ല. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ ജില്ലയില്‍ ഒരുക്കിയിട്ടുള്ള പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലായി 1090 ബെഡ്ഡുകള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെയെത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്നും കലക്ടർ പറഞ്ഞു.
സമൂഹ വ്യാപനം തടയുന്നതിനും ക്വാറന്‍റൈനിൽ ഉള്ളവര്‍ക്കും ഒറ്റപ്പെട്ടു കഴിയുന്നവർക്കും വീടുകളില്ലാതെ മാറി നില്‍ക്കേണ്ടി വരുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും സൗകര്യങ്ങൾ ഒരുക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു