കൊല്ലം: കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് പ്രതിഷേധത്തെ തുടർന്ന് നിർത്തി വച്ചു. നാളെ ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്യാമെന്ന ധാരണയിൽ സമരം അവസാനിച്ചു.
ബൈപ്പാസിൽ ഇന്ന് മുതൽ ടോൾ പിരിവ് നടത്താൻ സ്വകാര്യ കമ്പനി തീരുമാനിക്കുകയായിരുന്നു. ഇന്നലെ ജില്ലാ കലക്‌ടർക്ക് വാട്ട്‌സ് ആപ്പ് സന്ദേശം നൽകിയ ശേഷം ഇന്ന് രാവിലെ ടോൾ പിരിവ് ആരംഭിക്കുകയും ചെയ്‌തു. അതേ സമയം ടോൾ പിരിവിനെതിരെ പ്രതിഷേധവുമായി ഡി.എഫ്.ഐ, കോൺഗ്രസ് പ്രവർത്തകർ രാവിലെ തന്നെ ടോൾ പ്ലാസയിൽ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്‌തു. കൊല്ലം എ.സി.പിയുടെ നേതൃത്വത്തിൽ പൊലീസ് സേനയും സ്ഥലത്തെത്തിയിരുന്നു.
കൊവിഡ് വ്യാപനം മൂലം സമൂഹം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ടോൾ പിരിവ് അനുവദിക്കില്ലെന്നും പ്രദേശവാസികൾക്ക് നൽകിയിട്ടുള്ള ഇളവുകളിൽ വ്യക്തത വേണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ടോൾ പിരിവ് തുടങ്ങുന്നതിന് മുൻപ് ഈ കാര്യങ്ങൾ ചർച്ച ചെയ്യാൻ വേദിയൊരുക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് ഡി.എഫ്.ഐ നേതാക്കൾ ആവശ്യപ്പെട്ടു. പൊലീസ് ഇക്കാര്യം റവന്യൂ അധികൃതരെ ധരിപ്പിച്ചു. ടോൾ പിരിവ് സംബന്ധിച്ച സമൂഹത്തിന്‍റെ ആശങ്കകൾ പരിഹരിക്കാൻ നാളെ ചർച്ച നടത്താമെന്ന ധാരണയിലാണ് പ്രതിഷേധം അവസാനിച്ചത്. തുടർന്ന് ടോൾ പിരിവും നിർത്തി വച്ചു. ചർച്ചയിലെടുക്കുന്ന തീരുമാനങ്ങൾ അനുസൃതമായി നിലപാട് എടുക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
ബൈപാസിന്‍റെ പണി പൂർത്തിയാകാതെ ടോൾ പിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു. ടോൾ പ്ലാസ സ്ഥിതിചെയ്യുന്ന കുരീപ്പുഴയിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ ആണ്. അതിനാൽ ടോൾ പിരിവിന് സംരക്ഷണം നൽകാനാകില്ലെന്ന് ദേശീയപാതാ ഉദ്യോഗസ്ഥരോട് പൊലീസ് വ്യക്തമാക്കിയതോടെയാണ് ചർച്ചക്ക് ധാരണയായത്.