കൊല്ലം: സംസ്ഥാനതല കേരളോത്സവം കായിക മേളക്ക് കൊല്ലത്ത് വർണ്ണാഭമായ തുടക്കം. പ്രധാന വേദിയായ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ കായിക മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. 12 വേദികളിലായി നൂറിലധികം കായിക താരങ്ങളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്.
ജാതി, മത, വർഗ, വർണ്ണ ചിന്തകൾക്ക് അതീതമായി മനുഷ്യനെ ഒരുമിപ്പിക്കുന്ന വികാരമാണ് സ്പോർട്‌സെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളോത്സവത്തിന്‍റെ കലാ- കായിക മേളകൾ രണ്ട് ഘട്ടമായി സംഘടിപ്പിക്കുക വഴി കൂടുതൽ മത്സരാർഥികൾക്ക് കഴിവ് തെളിയിക്കാൻ അവസരമൊരുങ്ങിയെന്ന് മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയും വ്യക്‌തമാക്കി.
കേരള യുവജന കമ്മീഷൻ അധ്യക്ഷ ഡോ ചിന്താ ജെറോം, സംസ്ഥാന സ്പോർട്‌സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്‌സി കുട്ടൻ, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഈ മാസം 30 നാണ് കായിക മേള സമാപിക്കുന്നത്.