കൊല്ലം: ജല ജീവൻ പദ്ധതി ജനങ്ങളിലെത്തിക്കാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. കുണ്ടറ കുടിവെള്ള പദ്ധതിയുടെ പൈപ്പുലൈനുകൾ മാറ്റിസ്ഥാപിക്കൽ പൂർത്തിയാക്കി നാടിന് സമർപ്പിക്കുന്ന ചടങ്ങ് ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി. വാട്ടർ അതോറിറ്റിയിൽ മാത്രം 4600 കോടി രൂപയുടെ പ്രവർത്തികളാണ് കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നടത്തിയത്. സംസ്ഥാനത്ത് പൈപ്പുകൾ പൊട്ടുന്നത് സ്ഥിരമായിരുന്നതിനാല്‍ 70 ശതമാനം പൈപ്പുകളും മാറ്റി സ്ഥാപിച്ചുവെന്ന് മന്ത്രി പറഞ്ഞു.
പരിപാടിയില്‍ അധ്യക്ഷത വഹിച്ച മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ചടങ്ങിന് ഭദ്രദീപം തെളിയിക്കുകയും ശിലാഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ സാം കെ ഡാനിയേൽ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജയദേവി മോഹനൻ, കുണ്ടറ പഞ്ചായത്ത് പ്രസിഡന്‍റ് മിനി തോമസ്, ദക്ഷിണമേഖല ചീഫ് എഞ്ചിനീയർ സേതുകുമാർ എസ്, വാർഡ് മെമ്പർ കെ ദേവദാസൻ, സൂപ്രണ്ടിങ് എൻജിനീയർ സന്തോഷ്‌കുമാർ എസ് തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു.