കൊല്ലം: നിറങ്ങളിൽ നീരാടി ജില്ലയിലെ ക്യാമ്പസുകളിൽ ഹോളി ആഘോഷം. വർണങ്ങൾ വാരി വിതറിയും നൃത്തം ചെയ്തും മധുരം പങ്കുവെച്ചുമാണ് കോളജുകളില്‍ വിദ്യാർഥികൾ ഹോളി ആഘോഷിച്ചത്. ജാതി മത വര്‍ണ വര്‍ഗ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഒരുമയുടേയും സാഹോദര്യത്തിന്‍റെയും സന്ദേശം പങ്കുവെയ്ക്കുകയാണ് ഈ ദിനത്തിൽ. ഹോളിയുമായി ബന്ധപ്പെട്ട് പല ആചാരങ്ങളാണുള്ളതെങ്കിലും മലയാളികൾ വർണങ്ങൾ വിതറിയാണ് പ്രധാനമായും ഹോളി ആഘോഷിക്കുന്നത്.
വസന്തകാലത്തെ വരവേൽക്കാൻ ആഘോഷിക്കുന്ന ഹോളിയെ നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും വിശേഷിപ്പിക്കാം. കൊല്ലം എസ്.എൻ കോളജിൽ നടന്ന ഹോളി ആഘോഷം വിദ്യാർഥികൾക്ക് ഒരേ സമയം ആവേശവും കൗതുകവുമാണ് സമ്മാനിച്ചത്. പലവിധ വർണങ്ങൾ വാരി വിതറിയും, ഛായങ്ങൾ മുഖത്ത് തേച്ചും പാട്ടിനൊത്ത് നൃത്തം ചെയ്‌തും ആൺകുട്ടികളും പെൺകുട്ടികളും ഹോളി ആഘോഷത്തിൽ പങ്കെടുത്തു.
കോളജ് അധികൃതർ ഹോളി ആഘോഷിക്കാൻ അനുവാദം നൽകിയെങ്കിലും ക്യാമ്പസ് വിട്ട് പുറത്തേക്കുള്ള ആഘോഷം വിലക്കിയിരുന്നു. ആഘോഷത്തിന് നിശ്ചിത സമയവും അനുവദിച്ചിരുന്നു. ജില്ലയില്‍ താമസിക്കുന്ന ഉത്തരേന്ത്യക്കാരുടെ ഭവനങ്ങളിലും ഹോളി ആഘോഷം വിപുലമായി നടന്നു. അതേ സമയം വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പ്രാർഥനകളും ഹോളിയോടനുബന്ധിച്ച് നടന്നു.