കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടു പോയി മണിക്കൂറുകള്‍ കഴിഞ്ഞാണ് അമ്മയുടെ മൊബൈല്‍ ഫോണിലേക്ക് അഞ്ജാത സംഘത്തിന്‍റെ സന്ദേശമെത്തിയത്. കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും മോചിപ്പിക്കണമെങ്കില്‍ 5 ലക്ഷം രൂപ വേണമെന്നുമായിരുന്നു സന്ദേശമെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. കൊല്ലം-തിരുവനന്തപുരം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന പാരിപ്പള്ളി മേഖലയില്‍ നിന്നാണ് ഫോണ്‍ സന്ദേശം വന്നതെന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ജാഗ്രതയോടെ അന്വേഷണം: സംസ്ഥാനത്തെ 14 ജില്ലകളിലെയും പോലീസ് സ്റ്റേഷനുകളിൽ കുട്ടിയുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ദേശീയ-സംസ്ഥാന പാതകൾ എന്നിവിടങ്ങളിൽ പോലീസ് പരിശോധന ഊർജിതമാണ്. രാത്രി കാല പട്രോളിംഗിനായി എല്ലാ ഉദ്യോഗസ്ഥരും എത്തണമെന്ന് നിർദേശം നൽകിയതായാണ് ലഭിക്കുന്ന വിവരം. കമ്മിഷണർമാരുടെ നേതൃത്വത്തിലാണ് തിരച്ചിൽ.
ലോ ആൻഡ് ഓർഡർ എ ഡി ജി പി എം.ആർ അജിത് തിരച്ചിൽ സംസ്ഥാന വ്യാപകമാക്കാൻ നിർദേശം നൽകിയതായി പത്തനാപുരം എം എൽ എ ഗണേഷ് കുമാർ കുട്ടിയുടെ വീട് സന്ദർശിച്ച ശേഷം പ്രതികരിച്ചിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ നിന്നും കാർ തിരുവനന്തപുരം രജിസ്ട്രേഷനാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളിലും വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. ദേശീയ പാതകളിൽ ഉൾപ്പെടെ വാഹനങ്ങൾ തടഞ്ഞു നിർത്തിയാണ് പോലീസിന്റെ പരിശോധന തുടരുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടു പോയ കാറിന്‍റെ നമ്പര്‍ വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. 35 വയസ്സിനും 40 വയസിനും മധ്യേ പ്രായമുള്ളവരാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് നിഗമനം.
തട്ടികൊണ്ടു പോകല്‍ ആദ്യ വിവരങ്ങള്‍ : ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് കാണാതായത്. സഹോദരനൊപ്പം ട്യൂഷന് പോയ ആറുവയസുകാരിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയതെന്നാണ് പരാതി.ഓയൂര്‍ കാറ്റാടി മുക്കില്‍ വച്ചായിരുന്നു സംഭവം (A Six Year Old Girl Child Kidnaped In Kollam). വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് തട്ടിക്കൊണ്ടുപോയതെന്ന് കുട്ടിയുടെ സഹോദരന്‍ ജോനാഥന്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.
ഇന്ന് വൈകുന്നേരമാണ് സംഭവം. കാറിൽ നാലുപേരുണ്ടായിരുന്നുവെന്ന് കുട്ടിയുടെ സഹോദരൻ പറഞ്ഞു. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. ഒരു പേപ്പർ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവർ ചോദിച്ചതായി സഹോദരൻ പറയുന്നു. പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചാണ് കയറ്റിയത്. തടുക്കാൻ ശ്രമിച്ചപ്പോൾ കാറിലുണ്ടായിരുന്നവര്‍ തന്നെ തട്ടി അകറ്റിയെന്നും കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. താന്‍ താഴെ വീണപ്പോള്‍ കാര്‍ വേഗത്തില്‍ ഓടിച്ച് പോയെന്നും കുട്ടി പൊലീസിനോട് പറഞ്ഞു.
സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് കാര്‍ കണ്ടെത്തിയെന്നും തിരുവനന്തപുരം രജിസ്‌ട്രേഷന്‍ കാറാണെന്നും പൊലീസ് തിരിച്ചറിഞ്ഞു. നമ്പര്‍ വ്യക്തമല്ലെന്നും വിദഗ്‌ദരുടെ സഹായം തേടിയിട്ടുണ്ടെന്നും പൂയപ്പള്ളി പൊലീസ് പറഞ്ഞു. അതേ സമയം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേകിച്ച് കൊല്ലം ജില്ല തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ചെക്കുപോസ്റ്റുകളിലും വിവരം കൈമാറിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വിവരം ലഭിക്കുന്നവര്‍ പൊലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം, വിളിക്കേണ്ട നമ്പര്‍ 112, 99469 23282, 9495578999 ഈ നമ്പരുകളിലേക്കും വിവരം കൈമാറാമെന്ന് പൊലീസ് അറിയിച്ചു.