കൊല്ലം: തമിഴ്‌നാട്ടിലെ കുറ്റാലത്ത് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട പാലക്കാട് സ്വദേശിനിയായ നാല് വയസുകാരിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. വെള്ളത്തിലൂടെ ഒഴുകിനീങ്ങിയ കുഞ്ഞിന്, തൂത്തുക്കുടി സ്വദേശിയായ സഞ്ചാരിയുടെ മനോധൈര്യമാണ് തുണയായത്. വ്യാഴാഴ്‌ച പഴയ കുറ്റാലത്താണ് സംഭവം.
പാലക്കാട് സ്വദേശിയായ നവനീത് കൃഷ്‌ണന്‍റെ മകൾ ഹരിണി ആണ് ഒഴുക്കിൽപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ കുറ്റാലം ഭാഗത്ത് നല്ല മഴ പെയ്‌തിരുന്നതിനാൽ ശക്തമായ ഒഴുക്കാണ് ഇവിടെ ഉണ്ടായിരുന്നത്. കുട്ടി ഒഴുകുന്നത് കണ്ട് കുളിക്കാനെത്തിയവർ ബഹളം വച്ചതോടെ സമീപത്തു നിന്ന തൂത്തുക്കുടി സ്വദേശിയായ വിജയകുമാർ സാഹസികമായി താഴേക്കെത്തി കുട്ടിയെ രക്ഷിച്ചു.
മുഖത്ത് ചെറിയ പരിക്കേറ്റ ഹരിണിയെ തെങ്കാശി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ നിന്നും വിട്ടെങ്കിലും കുട്ടി ഭയം വിട്ടുമാറാത്ത അവസ്ഥയിലായിരുന്നു. അതേസമയം ആഴം കുറഞ്ഞ സ്ഥലമെന്നു കരുതിയാണ് കുട്ടിയെ ഇവിടെ കുളിക്കാൻ വിട്ടതെന്ന് മാതാപിതാക്കൾ പറഞ്ഞു.
പുതുവത്സരം പ്രമാണിച്ച് നല്ല തിരക്കാണ് കുറ്റാലത്തും പരിസര പ്രദേശത്തും ഉണ്ടായിരുന്നത്. അപകട സാധ്യത മുന്നിൽ കണ്ട് കടുത്ത നിയന്ത്രണവും പൊലീസ് നടപ്പിലാക്കി.