കൊല്ലം : സുഗന്ധലേപന വിപണിയില്‍ കോടികള്‍ മതിപ്പ് വിലയുള്ള തിമിംഗല ഛര്‍ദി (ആംബര്‍ഗ്രീസ്) എന്ന് സംശയിക്കുന്ന വസ്‌തുവുമായി നാലുപേര്‍ അറസ്റ്റില്‍. കൊല്ലം സ്വദേശികളായ മുഹമ്മദ് അസ്ഹര്‍ (24), റോയ് ജോസഫ് (43), രഘു (46), സൈഫുദീന്‍ (48) എന്നിവരെയാണ് പുനലൂര്‍ പൊലീസ് പിടികൂടിയത്. ഇവരെ അഞ്ചല്‍ റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
കരവാളൂര്‍ ഭാഗത്ത് പുനലൂര്‍ പൊലീസ് നടത്തിയ വാഹനപരിശോധനയ്‌ക്കിടെയായിരുന്നു തിമിംഗല ഛര്‍ദിയുമായെത്തിയ നാലംഗ സംഘത്തെ പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇത് എത്തിച്ചത്. കൊല്ലം കടയ്‌ക്കലില്‍ എത്തിക്കുകയും ഇവിടെ നിന്നും പുനലൂരില്‍ പോയി കൈമാറ്റം നടത്തുകയുമായിരുന്നു ലക്ഷ്യമെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞു.
പിടികൂടിയത് യഥാര്‍ഥ തിമിംഗല ഛര്‍ദി ആണെങ്കില്‍ വിപണിയില്‍ കോടികള്‍ വിലമതിക്കുമെന്ന് വനപാലകര്‍ വ്യക്തമാക്കി. ഇത് സ്ഥിരീകരിക്കാന്‍ വിശദമായ പരിശോധന ആവശ്യമാണ്. ഇതിനായി പിടികൂടിയ വസ്‌തുവിന്‍റെ സാമ്പിള്‍ പരിശോധനകള്‍ക്കായി ലാബിലേക്ക് അയക്കും.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.