കൊല്ലം: 2018 ലെ പ്രളയ കാലത്ത് രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട ഫയർഫോഴ്സ് ജീവനക്കാരൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. തിരുവല്ല ഫയർ ആൻഡ് റെസ്ക്യു വിഭാഗം ഡ്രൈവർ വി വിനീത് (34) ആണ് മരിച്ചത്. പ്രളയകാലത്ത് കൈക്കുഞ്ഞുമായി വെള്ളം കയറിയ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന വിനീതിൻ്റെ ചിത്രം അക്കാലത്ത് വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി പ്രശംസ ഏറ്റുവാങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ് വിനീത്. കൊവിഡ് കാലത്തും നിരവധി കേന്ദ്രങ്ങളിലും വീടുകളിലും ജീവൻ രക്ഷാമരുന്നുകൾ എത്തിക്കുന്നതിന് സജീവമായി പ്രവർത്തിച്ച വ്യക്തിയായിരുന്നു.
ഇന്ന് പുലർച്ചെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് സമീപം ഉണ്ടായ വാഹന അപകടത്തിലാണ് വിനീത് കൊല്ലപ്പെട്ടത്. മൈനാഗപ്പളളി കോട്ടക്കുഴി തെക്കേതിൽ വിദ്യാധരൻ്റെയും ഓമനയുടേയും മകനാണ് വിനീത്. ഭാര്യ അശ്വതി, മകൾ ദേവ ശ്രീ (6).