കൊല്ലം : പരിശുദ്ധ മാസത്തിന്‍റെ സമാപനം കുറിച്ച് ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്‌ര്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് വിശ്വാസികള്‍. സംസ്ഥാനത്ത് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാതിരുന്നതിനാല്‍ ചൊവ്വാഴ്‌ചയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. രാജ്യത്ത് മറ്റ് ഭാഗങ്ങളിലും ചൊവ്വാഴ്‌ച തന്നെയാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.
പുതുവസ്‌ത്രം ധരിച്ചും മൈലാഞ്ചിയണിഞ്ഞുമാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്. മുസ്ലിം കുടുംബങ്ങളിൽ കാലാകാലങ്ങളായി മൈലാഞ്ചിയിടല്‍ ഒരാഘോഷമാണ്. പരിശുദ്ധ റംസാന്‍ മാസത്തിലെ അവസാന ദിനങ്ങളിലാണ് മൈലാഞ്ചിയിടല്‍.
വ്രതവിശുദ്ധിയുടെ നാളുകള്‍ : വിശ്വാസികള്‍ക്ക് ഇസ്ലാം രണ്ട് ആഘോഷ ദിനങ്ങളാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഒന്ന് ഈദുല്‍ ഫിത്ര്‍, രണ്ടാമത്തേത് ഈദുല്‍ അദ്ഹ. ഈ രണ്ട് ആഘോഷങ്ങളിലും പങ്കെടുക്കുന്നത് വിശ്വാസിയുടെ ആരാധനയുടെ ഭാഗവുമാണ്.
ഹിജ്റ കലണ്ടറിലെ (മുസ്ലിങ്ങള്‍ പിന്തുടരുന്ന കാലഗണന സമ്പ്രാദയം) ഒൻപതാമത്തെ മാസമാണ് റമദാൻ. ഇസ്ലാം മത വിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ട വ്രതം ഈ മാസത്തിലാണ്. വ്രതത്തിന് സമാപ്‌തി കുറിച്ചുകൊണ്ട് പത്താമത്തെ മാസമായ ശവ്വാല്‍ ഒന്നിനാണ് ഈദുല്‍ ഫിത്‌ര്‍ ആഘോഷിക്കുന്നത്.
Also read: സംസ്ഥാനത്ത് ചൊവ്വാഴ്ച (മെയ് മൂന്നിന്) ചെറിയ പെരുന്നാള്‍
മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം റമദാന്‍ മാസം ഒരു പരിശീലന കാലയളവാണ്. ഒരു വ്യക്തിയുടെ മാനസിക - ശാരീരിക മാലിന്യങ്ങളില്‍ നിന്നുള്ള മോചന കാലയളവ്. ഇക്കാലയളവിനുള്ളില്‍ എല്ലാ തിന്മകളില്‍ നിന്നും മാറി പുതിയ മനുഷ്യനായി മാറുന്നു.
ഒരു മനുഷ്യൻ സംസ്‌കരിച്ചെടുത്തതിന്‍റെ സന്തോഷ പ്രകടനമാണ് ഈദിലൂടെ പ്രകടമാക്കുന്നത്. അതിന്‍റെ സന്തോഷ ദിനമാണ് ഈദുല്‍ ഫിത്‌റായി അവൻ ആഘോഷിക്കുന്നത്. (ഈദ് എന്നാല്‍ ആഘോഷമെന്നും ഫിത്‌ർ എന്നാല്‍ വ്രതം മുറിക്കുക എന്നുമാണ് അര്‍ഥം)