കൊല്ലം: അശ്‌ളീല ചിത്രങ്ങളും വീഡിയോകളും വിവിധ പോൺ സൈറ്റുകൾ സന്ദർശിച്ച് ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത ചെറുപ്പക്കാർക്കിടയിലും വിദ്യാർത്ഥികളിലും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൊല്ലം റൂറലിൽ ഓപ്പറേഷൻ പി ഹണ്ട്-2ന്‍റെ ഭാഗമായി വ്യാപക റെയ്‌ഡ്.
കൊല്ലം റൂറലിൽ പതിനൊന്ന് കേന്ദ്രങ്ങളിൽ റെയ്‌ഡ് നടന്നു. ഒരാളെ അറസ്റ്റ് ചെയ്തു. കുണ്ടറ, കൊട്ടാരക്കര, പുത്തൂർ, പൂയപ്പള്ളി, കുന്നിക്കോട്, പുനലൂർ, അഞ്ചൽ, ഏരൂർ, കടക്കൽ എന്നി സ്റ്റേഷൻ പരിധികളിലായിരുന്നു റെയിഡ്. കുണ്ടറ പൊലീസ് സ്റ്റേഷൻ ലിമിറ്റിലെ കരിപ്പുറം സ്വദേശി സിനു മാമച്ചനെയാണ് (22) അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
മൊത്തം പതിനൊന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. രണ്ട് പ്രതികൾ പ്രായ പൂർത്തിയാകാത്തവരായതിനാൽ ജുവനൈൽ ബോർഡ് മുൻപാകെ ഹാജരാക്കി നടപടികൾ സ്വീകരിച്ചു. മറ്റുള്ളവരിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്ത് ഫൊറൻസിക് ലാബിൽ പരിശോധനക്ക് അയച്ചു. ഫൊറൻസിക് ലാബിൽ നിന്ന് ഫലം വരുന്ന മുറക്ക് മറ്റുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും. കൊല്ലം റൂറൽ സൈബർ സെല്ലിന്‍റേയും സൈബർ ഡോമിന്‍റേസും നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. വരും നാളുകളിലും ഇത്തരം പരിശോധനകളും നടപടികളും തുടരുമെന്ന് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ് അറിയിച്ചു.