കൊല്ലം: ചടയമംഗലം സീറ്റിനെ ചൊല്ലി ലീഗിലും അഭിപ്രായ ഭിന്നത. തോൽക്കുന്ന സീറ്റ് വാങ്ങി മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് ജില്ലാ നേതൃത്വം പിന്മാറണമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി എ.യൂനുസ് കുഞ്ഞ് ആവശ്യപ്പെട്ടു. അതേസമയം ലീഗിന് ചടയമംഗലം നൽകരുതെന്നാവശ്യപ്പെട്ട് യൂത്ത് കൊൺഗ്രസ് പ്രവർത്തകരും പരസ്യമായി തെരുവിലങ്ങിയിരുന്നു. യുഡിഎഫിനുള്ളിലെ സീറ്റ് വിഭജന ചർച്ച കൊല്ലം ജില്ലയിൽ പൂർത്തിയായി വരവെയാണ് ലീഗിനുള്ളിലെ അഭിപ്രായ ഭിന്നത പുറത്ത് വരുന്നത്.
ലീഗ് കഴിഞ്ഞ തവണ മത്സരിച്ച പുനലൂർ വച്ച് മാറി ചടയമംഗലം ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ ലീഗിന്‍റെ നീക്കത്തിനെതിരെ പരസ്യമായി യൂത്ത് കൊൺഗ്രസ് തെരുവിൽ പ്രകടനം നടത്തി. ഇതോടെയാണ് ലീഗിലും ചടയമംഗലം എടുക്കുന്നതിൽ അഭിപ്രായ ഭിന്നത ഉടലെടുത്തത്. ജയിക്കുന്ന സീറ്റിൽ മാത്രം മത്സരിച്ചാൽ മതിയെന്നും തെക്കൻ ജില്ലയിൽ നിന്നും പാർട്ടിക്ക് എം.എൽ.എ. ഉണ്ടാവണമെന്നും യൂനുസ് കുഞ്ഞ് പറഞ്ഞു. കാല് വാരി തോൽപ്പിക്കുന്ന ചില നേതാക്കൾ യൂഡിഎഫിലുണ്ട്. കാലകാലങ്ങളായി കൊല്ലത്തെ ദയനീയ പരാജയങ്ങൾക്ക് ഉത്തരവാദികൾ അവരാണെന്നും യൂനുസ് കുഞ്ഞ് ആരോപിച്ചു.