കൊല്ലം : രക്തസാക്ഷി സ്‌മാരകത്തിന് പിരിവ് നല്‍കാത്തതിന് പ്രവാസി നിക്ഷേപകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തു. പാര്‍ട്ടിയ്ക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് പ്രാഥമിക അംഗത്വത്തില്‍ നിന്നും ബിജുവിനെ സസ്പെൻഡ് ചെയ്‌തതായി ജില്ല സെക്രട്ടറി എസ്. സുദേവന്‍ അറിയിച്ചു.
ഉത്തരവാദിത്വമുള്ള ഒരു പാര്‍ട്ടി അംഗത്തില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് ബ്രാഞ്ച് സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് പരാതി ഉയർന്നത്. ഇയാൾ ഭീഷണിപ്പെടുത്തുന്ന ശബ്‌ദരേഖ പുറത്തുവന്നിരുന്നു.
ALSO READ:'പിരിവ് ഇല്ലെങ്കില്‍ കൊടികുത്തും', പ്രവാസിയെ സി.പി.എം നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി
പത്ത് വർഷമായി അമേരിക്കയിൽ വെൽഡിങ് ജോലി നോക്കുന്ന മൈനാഗപള്ളി കോവൂർ മായാവിലാസത്തിൽ ഷഹി വിജയൻ്റെ ഭാര്യ ഷൈനിയാണ് ചവറ ഈസ്റ്റ് മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനും കൃഷി ഓഫിസർക്കുമെതിരെ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും പരാതി നൽകിയത്.
അമേരിക്കയിൽ താമസിക്കുന്ന പ്രവാസി കുടുംബം ചവറ മുഖംമൂടിമുക്കിൽ കൺവൻഷൻ സെന്‍റര്‍ നിർമിച്ചിച്ചിരുന്നു. ഇതിന്‍റെ ഉദ്ഘാടനം നടത്താനിരിക്കെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി. പാർട്ടി നിർമിക്കുന്ന ശ്രീകുമാർ രക്തസാക്ഷി മണ്ഡപത്തിനായി പതിനായിരം രൂപ ബ്രാഞ്ച് സെക്രട്ടറി ചോദിച്ചിരുന്നു. ഇത് നൽകാത്തതാണ് കൊടി കുത്തൽ ഭീഷണി നടത്താൻ കാരണമെന്നാണ് പരാതി.