കൊല്ലം : മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ലക്ഷങ്ങളുടെ അഴിമതി ആരോപണവുമായി ബ്ലോക്ക് പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഫൈസൽ കുളപ്പടം. കൊവിഡിന്‍റെ മറവിൽ സാമൂഹികാരോഗ്യകേന്ദ്രത്തിലെ കട്ടിലുകൾ അറ്റകുറ്റപ്പണി നടത്തിയതിലും രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്തതടക്കമുള്ള കണക്കുകളിലും പൊരുത്തക്കേടുണ്ടെന്ന് ഫൈസല്‍ ആരോപിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയിലുള്ള സാമൂഹികാരോഗ്യകേന്ദ്രത്തിലുണ്ടായിരുന്ന 100 കട്ടിലുകളിൽ 48 എണ്ണം അറ്റകുറ്റപ്പണി നടത്തിയതിന്‍റെ പേരിൽ സ്വകാര്യവ്യക്തിക്ക് മാറിനൽകിയത് 19,5156 രൂപയാണ്. കട്ടിൽ നന്നാക്കുന്നതിനായി മാത്രം ഒരെണ്ണത്തിന് ഏകദേശം 4,066 രൂപ ചെലവഴിച്ചെന്നും ഇത്രയും തുകയ്ക്ക് പുതിയവ വാങ്ങാൻ കഴിയുമായിരുന്നെന്നും ഫൈസൽ ചൂണ്ടിക്കാട്ടി.
ALSO READ: കെ-റെയിലിനെതിരെ ലോക്‌സഭയില്‍ സുധാകരന്‍റെ അടിയന്തര പ്രമേയ നോട്ടീസ്
കൊവിഡ് രോഗികൾക്ക് കൂട്ടിരുപ്പുകാരെ അനുവദിക്കില്ലെന്നിരിക്കെ അവര്‍ക്കടക്കം ഭക്ഷണം നൽകിയെന്ന രീതിയിൽ കണക്കുകൾ അവതരിപ്പിക്കുകയും 10 ലക്ഷത്തിലധികം രൂപ കാറ്ററിങ് വർക്കുകാർക്ക് നൽകുകയും ചെയ്തു.
കൂടാതെ ആരോഗ്യകേന്ദ്രം മോടിപിടിപ്പിക്കുന്നതിന്‍റെ പേരിലും വൻ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും കണക്കുകൾ നിരത്തി അദ്ദേഹം ആരോപിച്ചു. ഇവയുടെയെല്ലാം കരാറുകാരൻ ഭരണകക്ഷിയിലെ പ്രാദേശിക നേതാവിന്‍റെ ഒത്താശയോടെ ബിനാമി ഇടപാടാണ് നടത്തിയിട്ടുള്ളതെന്നും ഫൈസൽ കൂട്ടിച്ചേർത്തു.